കാസർകോട്: പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.
സവാദിന്റെ വിവാഹ രജിസ്റ്റര്‍ രേഖകള്‍ വ്യാജമെന്നാണ് പുതിയ കണ്ടെത്തൽ. കാസര്‍കോട്ട് വിവാഹ രജിസ്റ്ററില്‍ നല്‍കിയിരിക്കുന്നത് ഷാജഹാന്‍ എന്ന പേരിലാണ്. പിതാവിന്‍റെ പേര് നല്‍കിയതും വ്യാജമാണ്. അതെസമയം സവാദ് എന്ന പേര് മാത്രമാണ് സർട്ടിഫിക്കറ്റിൽ കണ്ടതെന്ന് ഭാര്യ പറഞ്ഞു.
2016 ഫെബ്രുവരി 27 നാണ് സവാദ് മഞ്ചേശ്വരം ഉദ്യാവര്‍ ആയിരം ജുമാമസ്ജിദില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നല്‍കിയിരിക്കുന്ന പേര് ഷാജഹാന്‍ എന്നാണ്. വിലാസം- പിപി ഹൗസ്, കുന്നുകൈ, ചിറക്കല്‍, കണ്ണൂര്‍. വിവാഹ രജിസ്റ്ററില്‍ പിതാവിന്‍റെ പേര് നല്‍കിയതും വ്യാജമാണ്.
യഥാര്‍ത്ഥ പേരായ മീരാന്‍കുട്ടിക്ക് പകരം നല്‍കിയത് കെ.പി ഉമ്മര്‍ എന്നാണ്.എന്നാൽ പള്ളിക്ക് കീഴില്‍ താമസിക്കുന്ന വധുവിന്റെ രേഖകള്‍ പരിശോധിച്ചിരുന്നുവെന്നും അക്കാലത്ത് വിശദമായി രേഖകൾ പരിശോധിക്കുന്ന സംവിധാനം ഉണ്ടായിരുന്നില്ലെന്നും ആണ് പള്ളിക്കമ്മിറ്റിയുടെ വിശദീകരണം.
വിവാഹ സമയത്ത് നൽകിയ പേര് വ്യാജമാണെങ്കിലും മൂത്ത കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നൽകിയത് യഥാർത്ഥ പേരാണ്. മംഗൽപ്പാടി പഞ്ചായത്ത് നൽകിയ ജനന സർട്ടിഫിക്കറ്റിൽ എം എം സവാദ് എന്നാണ് രേഖപ്പെടുത്തിയത്. എൻഐഎ ഉദ്ദോഗസ്ഥർക്ക് സവാദിനെ പിടികൂടാൻ സഹായമായത് ഈ ജനന സർട്ടിഫിക്കറ്റായിരുന്നു.
അതേസമയം സവാദിന്റെ ഭാര്യ പിതാവ് അബ്ദുൽ റഹ്മാൻ നൽകിയ മൊഴി കൃത്യമാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്. സവാദിനെ പരിചയപ്പെടൽ, കൂടുതൽ വിവരങ്ങൾ അന്വേഷിക്കാതെയുള്ള വിവാഹം കഴിച്ചു നൽകൽ, എസ് ഡി പി ഐ ബന്ധം തുടങ്ങിയവയാണ് വിശദമായി പരിശോധിക്കുന്നത്.
അധ്യാപകന്റെ കൈവെട്ടുന്ന സമയത്ത് സവാദിന്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവുകളും പ്രതിയെ തിരിച്ചറിയാൻ സഹായകരമയി. എട്ടുവർഷം മുൻപ് കാസർഗോഡ് നിന്ന് ഒരു എസ്ഡിപിഐ നേതാവിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിൽ പള്ളിയിൽ നൽകിയ പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ ശേഷം പുറത്തേക്ക് പോകാതെ കേരളത്തിൽ തന്നെ തങ്ങി.