സനാ: യെമനിലെ ഏദൻ ഉൾക്കടലിൽ ചരക്ക് കപ്പിലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം.ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കപ്പലിന് തീപിടിച്ചെന്നാണ് വിവരം. ഇറാന്റെ സഹകരണത്തോടെ നടത്തുന്ന ആക്രമണങ്ങൾ തുടങ്ങിയ ശേഷം ആദ്യമായാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗ്രീസിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
ബാർബഡോസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ട്രൂ കോൺഫിഡൻസ് എന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. ബാർബഡോസിന് വേണ്ടിയണ് ഈ കപ്പൽ സർവീസ് നടത്തുന്നത്. യു.എസ് ഉദ്യോഗസ്ഥർ ഇത് സ്ഥരീകരിച്ചിട്ടുണ്ട്.രക്ഷാപ്രവർത്തനത്തിൽ ഇന്ത്യൻ നേവിയും പങ്ക് ചേർന്നിട്ടുണ്ട്. കപ്പലുകൾക്ക് നേരെ മേഖലയിൽ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യുഎൻ ഉൾപ്പെടെയുള്ള സംഘടനകളും നിരവധി രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.
വിവിധ രാജ്യങ്ങളിലേക്കുള്ള ചരക്കുകളുടെ കയറ്റുമതിക്കുള്ള പ്രധാന വഴികളിലൊന്നാണ് ചെങ്കടൽ.തീപിടിത്തമുണ്ടായതിനാൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചാണ് ഹൂതികൾ കപ്പലുകൾ ആക്രമിക്കുന്നത്.