തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടു വയസുകാരിയെ കാണാതാവുകയും മണിക്കൂറുകൾക്ക് ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു.നിലവിൽ കുട്ടിയെ ജീവനോടെ കണ്ടെത്തിയതിൽ ആശ്വാസമുണ്ടെങ്കിലും കുട്ടി എങ്ങനെ ഓടയിൽ എത്തി എന്നത് സംബന്ധിച്ച അന്വേഷണവുമായി മുന്നോട്ട് പോവുകയാണ് പൊലീസ്.
കുട്ടി കിടന്നുറങ്ങിയ സ്ഥലത്തു നിന്ന് 500 മീറ്ററിലധികം മാത്രം ദൂരെയുള്ള സ്ഥലത്തു നിന്നാണു കണ്ടെത്തുന്നത്.അഞ്ചര അടിയോളം താഴ്ചയുള്ള പ്രദേശത്ത് അബോധാവസ്ഥയിലാരുന്നു കുട്ടി കിടന്നിരുന്നത്. അതിനാൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാം എന്ന് തന്നെയാണ് പ്രാഥമിക നിഗമനം.കുട്ടിയെ കണ്ടെത്തിയ ഓടയിലും സമീപത്തും വിശദമായ പരിശോധന നടത്തുകയാണ് പൊലീസ്.കരിക്കകം അറപ്പുര റസിഡൻസ് അസോസിയേഷൻ ഓഫീസിനു പിറകിലുള്ള ഓടയിലാണ് പോലീസ് സംഘം പരിശോധന നടത്തുന്നത്.
ഡിസിപി നിതിൻരാജിന്റെ നേതൃത്വത്തിലാണ് പരിശോധന. അതിനിടെ, കുട്ടിയെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്ന് തോന്നുന്ന തരത്തിലുള്ള സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.അറപ്പുര റസിഡൻസ് അസോസിയേഷൻ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളിലാണ് ഇത്തരമൊരു സംശയം. ഈ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
കുട്ടി നടന്നെത്താനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തിലാണ് മറ്റു സാധ്യതകൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. കുട്ടിയിൽ നിന്നും ചോദിച്ചറിയുന്ന വിവരങ്ങളും കേസിൽ നിർണായകമാകും.കൂട്ടിയെ കണാനില്ലെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പോലീസും നാട്ടുകാരും ഈ പ്രദേശത്തുൾപ്പെടെ പരിശോധിച്ച സ്ഥലത്താണ് കുട്ടിയെ കണ്ടെത്തിയതെന്നതാണ് മറ്റൊരു ദുരൂഹത.നിലവിൽ എസ്എടിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുട്ടിക്ക് മാനസികാഘാതം ഏറ്റിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.