പാലക്കാട്: സമൂഹത്തില്‍ സവര്‍ണ- അവര്‍ണ ചേരിതിരിവുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സവര്‍ണരെന്ന് മുദ്രകുത്തി ഒരു വിഭാഗത്തെ മാറ്റിനിര്‍ത്താനും ഒറ്റപ്പെടുത്താനും ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം എന്‍എസ്എസിനു രാഷ്ട്രീയമില്ലെന്നും കൂട്ടിച്ചേർത്തു. പാലക്കാട് എന്‍എസ്എസ് താലൂക്ക് യൂണിയന്‍ നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നായര്‍ സമുദായം അടക്കമുള്ള മുന്നാക്കക്കാരുടെ കാര്യം വരുമ്പോള്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും മുഖം തിരിച്ചുനില്‍ക്കുന്നു. ഒരു രാഷ്ട്രീയക്കാരും എന്‍എസ്എസിനെ മാത്രം സഹായിക്കുന്നില്ല. പിന്നാക്ക സമുദായത്തെ വോട്ടുബാങ്കാക്കി മാറ്റുന്ന കാര്യത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്നു. മറ്റുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ യഥേഷ്ടം നല്‍കുക, അതിന് വേണ്ടി നിയമനിര്‍മ്മാണം നടത്തുക എന്നിവ ചെയ്യുന്നു. ചരിത്രംപോലും തിരുത്തിയെഴുതാനുള്ള ശ്രമങ്ങളുണ്ടാകുന്നുവെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
ആളെനോക്കി സഹായിക്കുകയെന്ന നയമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുയേത്.അതിനാൽ അതു മനസിലാക്കി സമുദായംഗങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. ശബരിമല വിഷയത്തില്‍ നാമജപവുമായാണ് എന്‍എസ്എസ് രംഗത്തിറങ്ങിയത്.
ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ ആരും ശ്രമിക്കുന്നില്ല. ഹിന്ദുവിന്റെ പുറത്ത് മാത്രമാണ് ഇതെല്ലാം വരുന്നത്. സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ എന്‍എസ്എസ് പ്രതികരിക്കും. അത് കേന്ദ്രമായാലും സംസ്ഥാനമായാലും പ്രതികരിക്കുമെന്നും ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി.