മുസ്ലീമുകളുടെ ലക്ഷ്യംവെച്ചുള്ള ബുൾഡോസർ രാജ് അവസാനിപ്പിക്കണം, ഇരയായവർക്ക് നഷ്ടപരിഹാരം നൽകണം; ഇന്ത്യയോട് ആംനെസ്റ്റി

മുസ്‌ലിംകളുടെ സ്വത്തുക്കൾ വ്യാപകമായി ലക്ഷ്യംവെക്കപ്പെടുമ്പോൾ തൊട്ടടുത്തുള്ള ഹിന്ദുക്കളുടെ സ്വത്തുകൾ തൊടുന്നില്ല. ഈയൊരു അന്യായ ശിക്ഷാരീതി കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ അവസാനിപ്പിക്കണമെന്നും, ബുൾഡോസർ രാജിൻറെ ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആംനെസ്റ്റി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

author-image
Greeshma Rakesh
New Update
മുസ്ലീമുകളുടെ ലക്ഷ്യംവെച്ചുള്ള ബുൾഡോസർ രാജ് അവസാനിപ്പിക്കണം, ഇരയായവർക്ക് നഷ്ടപരിഹാരം നൽകണം; ഇന്ത്യയോട് ആംനെസ്റ്റി

 

ന്യൂഡൽഹി: മുസ്ലീമുകളുടെ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുന്ന രീതി ഇന്ത്യ അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇൻറർനാഷണൽ. ഇതുസംബന്ധിച്ച് രണ്ട് റിപ്പോർട്ടുകൾ ആംനെസ്റ്റി പുറത്തുവിട്ടു.ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ അനധികൃതമായി നിർമ്മിച്ചതെന്ന് ആരോപിച്ച് മദ്രസ തകർത്ത സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് ആംനെസ്റ്റിയുടെ റിപ്പോർട്ട്.

 

 

പലപ്പോഴും ജെസിബി ബുൾഡോസറുകളും മറ്റ് യന്ത്രസാമഗ്രികളും ഉപയോഗിച്ച് നടത്തുന്ന ഈ പൊളിച്ചുമാറ്റലുകൾ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. അത് ഉടനടി അവസാനിപ്പിക്കണം.കൈയേറ്റങ്ങളുടെയും മറ്റും പേരുപറഞ്ഞ് നടപടികളെടുക്കുമ്പോൾ വലിയ വിവേചനം കാട്ടുന്നു. മുസ്‌ലിംകളുടെ സ്വത്തുക്കൾ വ്യാപകമായി ലക്ഷ്യംവെക്കപ്പെടുമ്പോൾ തൊട്ടടുത്തുള്ള ഹിന്ദുക്കളുടെ സ്വത്തുകൾ തൊടുന്നില്ല. ഈയൊരു അന്യായ ശിക്ഷാരീതി കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ അവസാനിപ്പിക്കണമെന്നും, ബുൾഡോസർ രാജിൻറെ ഇരയായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ആംനെസ്റ്റി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

'നിങ്ങൾ സംസാരിച്ചാൽ നിങ്ങളുടെ വീട് പൊളിക്കും; ഇന്ത്യയിലെ ബുൾഡോസർ രാജ്', 'ഉത്തരവാദിത്തം കണ്ടെത്തൽ; ഇന്ത്യയിലെ ബുൾഡോസർ രാജിൽ ജെ.സി.ബിയുടെ പങ്കും ചുമതലയും' എന്നീ തലക്കെട്ടുകളിലാണ് ആംനെസ്റ്റി റിപ്പോർട്ടുകൾ. ആറ് സംസ്ഥാനങ്ങളിലെ പൊളിക്കലുകളെ കുറിച്ചാണ് ഇവയിൽ പ്രധാനമായും വിശദീകരിക്കുന്നത്. നിയമത്തിനതീതമായ ശിക്ഷ എന്ന നിലക്കാണ് അധികൃതർ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ ഇത്തരം നടപടികൾ കൈക്കൊള്ളുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.

അസം, ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, യു.പി, ഹരിയാന എന്നിവിടങ്ങളിലെ ബുൾഡോസർ രാജിനെ കുറിച്ചാണ് ആംനെസ്റ്റി ചൂണ്ടിക്കാട്ടുന്നത്. ഇത്തരം പൊളിക്കലുകൾ നടത്തുന്നവർ നിയമനടപടികളിൽ നിന്നു പോലും സംരക്ഷിതരാണ്. മുംബൈയിലെ മിറ റോഡിൽ രാമക്ഷേത്ര റാലിക്ക് പിന്നാലെ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർത്ത സംഭവം ഇതിന് ഉദാഹരണമായി എടുത്തുപറയുന്നു.2022 ഏപ്രിലിനും ജൂണിനും ഇടയിൽ 128 പൊളിക്കൽ സംഭവങ്ങളാണ് അസം, ഡെൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, യു.പി എന്നിവിടങ്ങളിൽ ഉണ്ടായത്. ഇതിൽ ഭൂരിഭാഗവും മുസ്‌ലിംകളുടെതാണ്. 617 കുടുംബങ്ങളെയാണ് ഇത് നേരിട്ട് ബാധിച്ചത്. പലർക്കും വീടില്ലാതാവുകയും ഉപജീവനമാർഗം നഷ്ടമാവുകയും ചെയ്തു.

 

 

ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിയമപരമായ സംരക്ഷണം നടപ്പിലാക്കുക, കുടിയൊഴിപ്പിക്കൽ, പൊളിച്ചുമാറ്റൽ നടപടികളിൽ കൃത്യമായ നടപടിക്രമങ്ങൾ ഉറപ്പാക്കുക, മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളായവരെ പ്രതിക്കൂട്ടിൽ നിർത്തുക എന്നിവയും ആംനെസ്റ്റി റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.മാത്രമല്ല, ഇന്ത്യൻ സമൂഹത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളായ വൈവിധ്യങ്ങളോടും ബഹുസ്വരതയോടും ഉള്ള ആദരവ് പ്രോത്സാഹിപ്പിക്കിക്കൊണ്ട്, മതസൗഹാർദവും സഹിഷ്ണുതയും വളർത്തുന്നതിനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തണമെന്നും ആംനെസ്റ്റി ആവശ്യപ്പെട്ടു.

വംശീയ സംഘർഷങ്ങളുടെ മറവിലോ മുസ്‌ലിംകൾ വിവേചനങ്ങൾക്കെതിരെയോ ബി.ജെ.പി നേതാക്കളുടെ വർഗീയ പ്രസ്താവനകൾക്കെതിരെ പ്രതികരിക്കുമ്പോഴോ ആണ് അതിനെതിരായ നടപടിയെന്ന നിലയിൽ ബുൾഡോസർ രാജ് നടക്കുന്നതെന്ന് ആംനെസ്റ്റി നിരീക്ഷിക്കുന്നു. മുതിർന്ന ബി.ജെ.പി നേതാക്കളുടെ നിർദേശത്തോടുകൂടിയാണ് പൊളിക്കലുകൾ നടക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ജെ.സി.ബി എന്ന കമ്പനിയുടെ ബുൾഡോസർ യന്ത്രം ഇന്ത്യൻ മുസ്‌ലിംകൾക്കെതിരായ ആയുധമായി പരിണമിക്കുകയാണ്. 'ജിഹാദികളെ തകർക്കുന്ന ബുൾഡോസർ' എന്ന പ്രയോഗം തന്നെ വന്നുകഴിഞ്ഞു. തങ്ങളുടെ ഉൽപ്പന്നത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ ആയുധമാക്കി മാറ്റുന്നതിനെ ജെ.സി.ബി പരസ്യമായി തള്ളിപ്പറയണമെന്ന് ആംനെസ്റ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ അധികൃതർ ജെ.സി.ബി ഉൽപ്പന്നത്തെ ദുരുപയോഗം ചെയ്യുന്നതിൽ കമ്പനിക്കും ഉത്തരവാദിത്തമുണ്ടെന്ന് ആംനെസ്റ്റി റിപ്പോർട്ടിൽ പറയുന്നു.

 

india demolition of muslim properties Bulldozer Raj amnesty international.