പ്രതിരോധരംഗത്ത് ഇന്ത്യയ്ക്ക് നിര്‍ണായക നേട്ടം. ബ്രഹ്‌മോസ് മിസൈല്‍ ദീര്‍ഘ ദൂര പതിപ്പ് വ്യോമസേന വിജയകരമായി പരീക്ഷിച്ചു. സുഖോയ് 30 യുദ്ധ വിമാനത്തില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ ബംഗാള്‍ ഉള്‍ക്കടലിലെ ലക്ഷ്യസ്ഥാനത്ത് വിജയകരമായി പതിച്ചു. 500 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി.
ദക്ഷിണേന്ത്യയിലെ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 1500 മീറ്റര്‍ പറന്ന ശേഷമാണ് മിസൈല്‍ തൊടുത്തത്. ആദ്യമായാണ് ഇത്രയും അകലെയുള്ള ലക്ഷ്യത്തിലേക്ക് ബ്രഹ്‌മോസിന്റെ പുതിയ പതിപ്പ് പരീക്ഷിക്കുന്നത്. നേരത്തെ ഇതിനേക്കാള്‍ കുറഞ്ഞ ദൂരത്തിലായിരുന്നു പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. പരീക്ഷണം വിജയകരമായതോടെ ഇന്ത്യയുടെ പ്രതിരോധ രംഗത്ത് വന്‍ മുന്നേറ്റമാണ് ഉണ്ടായത്.
മിസൈലിന്റെ ഇആര്‍ റേഞ്ച് വേരിയന്റിന് സൂപ്പര്‍ സോണിക് വേഗതയില്‍ ആക്രമണം നടത്താന്‍ കഴിയും. 400 മുതല്‍ 500 വരെ കിലോമീറ്റര്‍ പരിധിയില്‍ കരയിലും കടലിലും ആക്രമിക്കാന്‍ സാധിക്കും.
റഷ്യയുമായി സഹകരിച്ചാണ് വായുവില്‍ നിന്ന് തൊടുക്കാവുന്ന ബ്രഹ്‌മോസ് ദീര്‍ഘദൂര മിസൈല്‍ ഇന്ത്യ രൂപ കല്‍പ്പന ചെയ്തത്. സ്വന്തം ഉപയോഗത്തിനും വിദേശരാജ്യങ്ങളിലേക്ക് വില്‍പ്പന നടത്തുന്നതിനും വേണ്ടിയാണ് പുതിയ മിസൈലിന്റെ നിര്‍മ്മാണം.
അതിനിടെ, അമേരിക്കയില്‍ നിന്ന് വാങ്ങുന്ന ആളില്ലാ 31 എംക്യു 9ബി ഡ്രോണുകള്‍ 2027 ഫെബ്രുവരിയോടെ ഇന്ത്യയ്ക്ക് കൈമാറും. ഏതു കാലാവസ്ഥയിലും പറക്കാന്‍ ശേഷിയുള്ളവയാണ് ഈ ഡ്രോണുകള്‍. നേവിക്ക് 15 ഉം എയര്‍ഫോഴ്‌സിനും ആര്‍മിക്കും എട്ടു വീതവും ഇത്തരം ഡ്രോണുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞ ജൂലായില്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.