തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് താപനില ഉയരാൻ സാധ്യത. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ താപനിലയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.
രാവിലെ 11 മണി മുതൽ ഉച്ച 3 മണി വരെ പുറത്തേക്കിറങ്ങുന്നവർ സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് പതിക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുണ്ട്.മാത്രമല്ല നിർജ്ജലീകരണമുണ്ടാവാനുള്ള സാധ്യത കൂടുതലായതിനാൽ ധാരാളം ശുദ്ധജലം കുടിക്കണമെന്നും കഫൈൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് ഒഴിവാക്കണമെന്നും അതോറിറ്റി പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.