ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ അന്‍പതുകാരനായ അധ്യാപകന്‍ തട്ടിക്കൊണ്ടുപോയതായി പരാതി. സംഭവത്തില്‍ വിദ്യാര്‍ത്ഥിനിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി.
വെള്ളിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് 30000 രൂപയും ആഭരണങ്ങളും പെണ്‍കുട്ടി കൊണ്ടുപോയെന്നും പരാതിയില്‍ പറയുന്നു.
പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചെന്നും പിതാവ് ആരോപിക്കുന്നു. അധ്യാപകന്‍ മകള്‍ക്കൊപ്പമുളള സ്വകാര്യ വീഡിയോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു. എന്നാല്‍, പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല. പിന്നീട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഇതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായതെന്നും പിതാവ് പറയുന്നു.
പ്രതിയായ അധ്യാപകന്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ തന്നെയാണ് താമസിച്ചിരുന്നത്. മകളെ സൗജന്യമായി പഠിപ്പിക്കാമെന്നും ജോലി വാങ്ങി നല്‍കാമെന്നും അധ്യാപകന്‍ വാഗ്ദാനം ചെയ്തിരുന്നതായും പിതാവ് പറയുന്നു.
അതിനിടെ, പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബസ് സ്റ്റാന്റുകളിലും പൊലീസ് സ്റ്റേഷനുകളിലും പരിശോധന നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.