ക്ഷയരോഗം: ആലപ്പുഴയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

ജില്ലയില്‍ ക്ഷയരോഗ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. പരിശോധനകളിലൂടെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെങ്കില്‍ മാരകമായേക്കാവുന്ന രോഗമാണ് ക്ഷയം.

author-image
Web Desk
New Update
ക്ഷയരോഗം: ആലപ്പുഴയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

 

ആലപ്പുഴ : ജില്ലയില്‍ ക്ഷയരോഗ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. പരിശോധനകളിലൂടെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ലെങ്കില്‍ മാരകമായേക്കാവുന്ന രോഗമാണ് ക്ഷയം. ശ്വാസകോശ ക്ഷയരോഗമുള്ള വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗാണുക്കള്‍ അന്തരീക്ഷത്തിലെത്തുന്നു. ഈ വായു ശ്വസിക്കാന്‍ ഇടവരുന്ന വ്യക്തികള്‍ക്ക് ക്ഷയ രോഗബാധ ഉണ്ടാകും. രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമ, ശരീരം ക്ഷീണിക്കുക, ഭാരം കുറയുക, വിശപ്പില്ലായ്മ, രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന കുളിരോടുകൂടിയ പനി, ചുമച്ച് രക്തം തുപ്പുക, രക്തം കലര്‍ന്ന കഫം എന്നീ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുക.

ക്ഷയരോഗ പരിശോധനകളും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും പൂര്‍ണമായും സൗജന്യമാണ്. ആറുമാസത്തെ ചികിത്സയിലൂടെ ക്ഷയരോഗം പൂര്‍ണമായും ഭേദമാക്കാനാവും. എന്നാല്‍ കൃത്യമായി മരുന്ന് കഴിക്കാതിരുന്നാല്‍ രോഗം മൂര്‍ച്ഛിക്കാനും മരുന്നുകളെ പ്രതിരോധിക്കാന്‍ കഴിയാത്ത തരത്തില്‍ ഗുരുതരമായ ക്ഷയരോഗാവസ്ഥയ്ക്കും കാരണമാകും.

കഫ പരിശോധന, സിബി നാറ്റ്, ട്രു നാറ്റ് എക്‌സ്-റേ പരിശോധന എന്നിവയിലൂടെ രോഗ നിര്‍ണയം നടത്താം. ക്ഷയരോഗബാധിതര്‍ രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുക, തുറസായ സ്ഥലങ്ങളില്‍ തുപ്പരുത്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മറച്ചു പിടിക്കുക, ചികിത്സയ്ക്ക് നിര്‍ദ്ദേശിച്ച മരുന്നുകള്‍ നിര്‍ദ്ദിഷ്ടകാലം മുഴുവന്‍ മുടങ്ങാതെ കഴിക്കുക, വീട്ടില്‍ ആര്‍ക്കെങ്കിലും ചുമയുണ്ടെങ്കില്‍ നിര്‍ബന്ധമായും പരിശോധന നടത്തി ക്ഷയരോഗം ഇല്ലെന്ന് ഉറപ്പാക്കുക.

രോഗിയുടെ വീട്ടില്‍ അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് രോഗം ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം പ്രതിരോധമരുന്ന് നല്‍കുക, ഡയാലിസിസ് ചെയ്യുന്നവര്‍, അവയവം മാറ്റി വച്ചവര്‍, മജ്ജ മാറ്റിവച്ചവര്‍, ഇമ്മ്യുണോ സപ്രസിവ് മരുന്നുകള്‍ ദീര്‍ഘകാലം കഴിക്കുന്നവര്‍, ക്യാന്‍സര്‍ ബാധിച്ചവര്‍ തുടങ്ങിയവര്‍ രോഗമുള്ളവരുമായി ബന്ധമില്ലെങ്കില്‍ പോലും ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം പരിശോധനയ്ക്ക് വിധേയമാകേണ്ടതും ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്ഷയരോഗ പ്രതിരോധ മരുന്നുകള്‍ കഴിക്കുക.

പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ശ്വാസകോശ രോഗങ്ങള്‍, പുകയില ഉല്പന്നങ്ങള്‍, മദ്യം ഉപയോഗിക്കുന്നവര്‍ എന്നിവര്‍ക്ക് ക്ഷയരോഗ സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ രോഗലക്ഷണങ്ങള്‍ ഏതെങ്കിലും അനുഭവപ്പെട്ടാല്‍ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുക. രോഗബാധിതരായി ചികിത്സ എടുക്കുന്നവര്‍ക്ക് ചികിത്സ കാലയളവില്‍ വരുമാന സാമ്പത്തിക സഹായം ലഭ്യമാണ്.

kerala Health alappuzha health department