പത്തനംതിട്ട: റോബിന്‍ ബസ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ വാഹനം കസ്റ്റഡിയിലെടുത്തെങ്കിലും യാത്രക്കാര്‍ പിടിച്ചെടുത്ത ബസ്സില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. മോട്ടോര്‍ വാഹന വകുപ്പ് പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ബസിന്റെ ഉടമയും യാത്രക്കാരും പറയുന്നത്.
രണ്ടാംദിനം സര്‍വീസിന് ഇറങ്ങിയ ബസ് പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് പൂട്ടിയിട്ടത്. റോബിനെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഒരിടത്ത് മാത്രമാണ് തടഞ്ഞത്. തൊടുപുഴയ്ക്ക് സമീപം വെച്ച് എം വി ഡി ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധിച്ച് 7500 രൂപ പിഴയിട്ടു.
വാളയാറും കടന്ന് ഉച്ചയോടെ കോയമ്പത്തൂരില്‍ എത്തേണ്ട ബസ് തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത ബസ്സ് യാത്രക്കാര്‍ ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഗാന്ധിപുരം സെന്‍ട്രല്‍ ഓഫീസിലേക്ക് മാറ്റി.
അതിനിടെ, കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് തമിഴ്‌നാട് നടപടിയെന്ന് ബസ്സുടമ ഗിരീഷ് ആരോപിച്ചു. ഇതിനായി കേരള സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്നും ഉടമ പറഞ്ഞു.
ശനിയാഴ്ച ബസ് തടഞ്ഞ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ 70000 രൂപ റോഡ് നികുതിയിണത്തില്‍ പിഴയടക്കം ചുമത്തിയെങ്കിലും വാഹനം വിട്ടു നല്‍കിയിരുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും കുരുക്കുകളെല്ലാം മാറ്റി സര്‍വീസ് തുടരണമെങ്കില്‍ റോബിന്‍ ബസ് ഉടമ ഗിരീഷിന് കോടതിയെ സമീപിക്കേണ്ടി വരും.