തിരുവനന്തപുരം: സംസ്ഥാന പോലീസ്- ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന്‍ ടി പത്മനാഭന്‍.കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനത്തിന് നേരെയുള്ള പോലീസ് അതിക്രമത്തെ വിമര്‍ശിച്ചാണ് പത്മനാഭന്‍ രംഗത്തുവന്നിരിക്കുന്നത്.
നിലത്തുവീണ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ തലമുടിയില്‍ ബൂട്ടിട്ട് ചവിട്ടുന്ന പോലീസുകാരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര അതിക്രമമാണെന്ന് ടി പത്മാനാഭന്‍ വിമർശിച്ചു.
അമിതാധികാര പ്രയോഗത്തിന് എതിരെ എംടി വാസുദേവന്‍ നായര്‍ ഉയര്‍ത്തിയ വിമര്‍ശനത്തിൽ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് പത്മനാഭന്റെ വിമർശനം.
''യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധപ്രകടനത്തില്‍ വ്യാഴാഴ്ച കണ്ണൂരില്‍ ഒരു ദുരന്തമുണ്ടായി. റിയാ നാരായണന്‍ എന്ന ഒരു പ്രതിഷേധക്കാരിയെ വനിതാ പോലീസ് നിലത്ത് തള്ളിയിട്ടതിനുശേഷം അവരുടെ തലമുടി ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിപ്പിടിച്ച് ഒന്നിലധികം പോലീസുകാര്‍ എല്ലാശക്തിയുമുപയോഗിച്ച് മുകളിലേക്കും വശങ്ങളിലേക്കും പിടിച്ചുവലിക്കുന്നു; അവരുടെ വസ്ത്രങ്ങള്‍ കീറുന്നു, അവര്‍ നിലവിളിക്കുന്നു. ഈരംഗം കണ്ടപ്പോള്‍ ഞാന്‍ ഓര്‍ത്തുപോയത് മഹാഭാരതത്തിലെ ഒരു രംഗമാണ്.
രജസ്വലയും നിരാലംബയുമായ പാഞ്ചാലിയെ ദുശ്ശാസനന്‍ വലിച്ചിഴച്ച് രാജസഭയിലേക്ക് കൊണ്ടുവരുന്നു, അവരുടെ വസ്ത്രം കീറുന്നു, വലിച്ചിഴയ്ക്കുന്നു. ആരും സഹായത്തിനെത്തുന്നില്ല. അന്ന് അപമാനിതയായ പാഞ്ചാലി ഒരു ശപഥം ചെയ്യുകയുണ്ടായി. കുരുവംശത്തിന്റെ നാശത്തിനുശേഷമേ എന്റെ അഴിഞ്ഞ ഈ മുടി ഞാന്‍ കെട്ടുകയുള്ളൂ. പിന്നീടുണ്ടായത് എന്താണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ആരെയും വിമര്‍ശിക്കാനല്ല ഞാനിതെഴുതുന്നത്. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണേയോ പോലീസിന്റെ തലപ്പത്തുള്ളവരെയോ ഒന്നും. ഒരുകാര്യംകൂടി പറഞ്ഞ് ഈ ചെറിയ കുറിപ്പവസാനിപ്പിക്കാം -ചരിത്രത്തിന് ഒരു സ്വഭാവമുണ്ട്, അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടും. അത് മറക്കാതിരുന്നാല്‍ നന്ന്'', മാതൃഭൂമി ദിനപ്പത്രത്തിലെഴുതിയ കുറിപ്പില്‍ ടി പത്മനാഭന്‍ വിമര്‍ശിച്ചു.
കോഴിക്കോട്ട് നടക്കുന്ന കെ എല്‍ എഫിന്റെ ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇരുത്തികൊണ്ട് എം ടി നടത്തിയ പ്രസംഗം വലിയ ചര്‍ച്ചകൾക്ക് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പിനുഗ പോലീസിനുമെതിരേ ടി പത്മനാഭന്‍ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.