കൊച്ചി: എറണാകുളം നഗരത്തില്‍ കാറില്‍ കറങ്ങി നടന്ന് രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. കൊല്ലം മണ്‍റോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശിയും ഇപ്പോള്‍ എളമക്കര പാറയില്‍ റോഡില്‍ താമസിക്കുകയും ചെയ്യുന്ന അമില്‍ ചന്ദ്രന്‍ (28), കലൂര്‍ എളമക്കര അഭിജിത്ത് (30) എന്നിവരാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് (സീസ്) ടീം, എക്‌സൈസ് ഇന്റലിജന്‍സ്, എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടി എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.
പ്രതികളുടെ പക്കല്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുള്ള, മാരകമായ 7 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. മയക്കു മരുന്ന് ഇടപാടിന് ഉപയോഗിച്ച കാര്‍, രണ്ട് മൊബൈല്‍ ഫോണ്‍, മയക്കുമരുന്ന് തൂക്കി നോക്കുന്നതിന് ഉപയോഗിച്ച നാനോ വേയിംഗ് മെഷീന്‍ എന്നിവയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരും. കേസിലെ പ്രധാന പ്രതി അമില്‍ ചന്ദ്രന് ആറോളം കാറുകള്‍ എറണാകുളം ടൗണില്‍ ഓടുന്നുണ്ട് എന്ന് എക്‌സൈസ് സംഘം കണ്ടെത്തി. കാറില്‍ കറങ്ങി നടന്ന് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് സിഗരറ്റ് പാക്കറ്റിലാക്കിയ ശേഷം കാറില്‍ ഇരുന്ന് തന്നെ എറിഞ്ഞ് കൈമാറുന്നതായിരുന്നു ഇവരുടെ രീതി.
കഴിഞ്ഞ ദിവസം ഇവരുടെ വാഹനത്തെ രഹസ്യമായി പിന്‍തുടര്‍ന്ന എക്‌സൈസ് സംഘം ഏളമക്കര പുന്നയ്ക്കല്‍ ജംഗ്ഷന് സമീപത്തുള്ള അനശ്വര-സൗപര്‍ണ്ണിക അപ്പാര്‍ട്ട്‌മെന്റിന് മുന്‍വശം ഇടപാടുകാരെ കാത്തുനില്‍ക്കുകയായിരുന്ന ഇവരുടെ കാര്‍ വളയുയായിരുന്നു. ഇതിനിടെ അഭിജിത്ത് കാറില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഗ്രാമിന് 3000 രൂപ മുതല്‍ ഡിമാന്റ് അനുസരിച്ച് 7000 രൂപ വരെയുള്ള നിരക്കിലാണ് വില്‍പ്പനയെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കൊച്ചിയില്‍ എത്തിക്കുന്നതെന്ന് പ്രതികള്‍ പറഞ്ഞു.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അസി. കമ്മീഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തില്‍, എറണാകുളം സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി ടോമി, ഐബി പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.അജിത്ത്കുമാര്‍, എറണാകുളം സ്‌ക്വാഡ് അസ്സി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ടി.ഹാരിസ്, പ്രിവന്റീവ് ഓഫീസര്‍ സി.പി.ജിനേഷ് കുമാര്‍, വനിത സിഇഒ എം മേഘ, കെ.എ. ബദര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ റിമാന്റ് ചെയ്തു.