തൃശൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ദിവസം ക്ഷേത്രത്തിൽ നടക്കാനിരുന്ന മറ്റു വിവാഹങ്ങൾ മാറ്റിവച്ചെന്ന പ്രചരണം തെറ്റാെണെന്ന് ഗുരുവായൂർ ദേവസ്വം.ക്ഷേത്രത്തിൽ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ അറിയിച്ചു.
എല്ലാ വിവാഹങ്ങളും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാന മന്ത്രി ഗുരുവായൂരിൽ എത്തുന്നുണ്ട്. അതിന്റെ സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയത്തിൽ മാറ്റം വരുത്തികൊണ്ടുള്ള ക്രമീകരണം മാത്രമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വിവാഹങ്ങൾ മാറ്റിവച്ചു എന്നത് തെറ്റായ പ്രചാരണമാണ്. ഒരു വിവാഹ സംഘം പോലും കല്യാണം മാറ്റി വയ്‌ക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരാളോടും വിവാഹം മാറ്റിവയ്‌ക്കണം എന്ന് ദേവസ്വവും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹമാദ്ധ്യമങ്ങളിൽ അനാവശ്യമായ പ്രചരണങ്ങളും ചർച്ചകളും നടക്കുന്നതിനിടെയാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം.17-ന് 74 വിവാഹങ്ങളാണ് ഗുരുവായൂരിൽ നടക്കുക. ഇതിൽ ഭൂരിഭാഗം വിവാഹങ്ങളും പുലർച്ചെ അഞ്ചിനും ആറിനും ഇടയിലാകും നടക്കുക.