'എന്താണ് മൂന്നു വര്‍ഷം ചെയ്തത്?' തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. നിയമസഭാ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ തീരുമാനം വൈകിക്കുന്ന ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.

author-image
Web Desk
New Update
'എന്താണ് മൂന്നു വര്‍ഷം ചെയ്തത്?' തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

 

ന്യൂഡല്‍ഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. നിയമസഭാ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാതെ തീരുമാനം വൈകിക്കുന്ന ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. 2020 മുതല്‍ ബില്ലുകള്‍ ഒപ്പിടാതെ വെച്ചിരിക്കുകയാണെന്നും എന്താണ് ഗവര്‍ണര്‍ ഈ മൂന്നുവര്‍ഷവും ചെയ്തതെന്നും കോടതി ചോദിച്ചു.

കോടതി നോട്ടീസ് അയച്ചതിന് ശേഷമാണ് ഗവര്‍ണര്‍ ബില്ലുകളില്‍ ചിലത് മടക്കിയതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ക്കെതിരേ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിന് ഡിസംബര്‍ ഒന്നിലേക്ക് കേസ് മാറ്റുകയും ചെയ്തു.

ഗവര്‍ണറുടെ പരിഗണനയിലുള്ള ബില്ലുകളില്‍ ചിലതില്‍ അദ്ദേഹം തീരുമാനമെടുത്തെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇവ തിരിച്ചയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തുവ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരേ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിമര്‍ശനം ഉന്നയിച്ചത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി പരിഗണനയില്‍ ഇരുന്ന ബില്ലുകളാണ് ഇപ്പോള്‍ ഗവര്‍ണര്‍ തിരിച്ചയച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതിയുടെ ഇടപെടലിന് ശേഷമാണ് ഇത്തരത്തിലൊരു നടപടി തമിഴ്നാട് ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായതെന്നും ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.

എന്നാല്‍, ഗവര്‍ണര്‍ എന്ന പദവിയിലിരിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം, നിയമസഭ പാസാക്കുന്ന എല്ലാ ബില്ലുകളും സാങ്കേതികാര്‍ഥത്തില്‍ ഒപ്പുവെക്കാനുള്ള കടമയല്ല ഉള്ളതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചു. എല്ലാ വശങ്ങളും നോക്കിയ ശേഷമേ അദ്ദേഹത്തിന് ബില്ലില്‍ ഒപ്പിടാന്‍ സാധിക്കൂവെന്നും അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു.

Latest News national news supremecourt