ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണം ഒരു രാഷ്ട്രീയ പോരാട്ടമായി മാറ്റാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ശ്വാസം മുട്ടിക്കുന്ന വായുവിന്റെ ഗുണനിലവാരം ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നതിന് കാരണമാകുമെന്ന് സുപ്രീം കോടതി ചൊവ്വാഴ്ച പറഞ്ഞു.
അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് ശൈത്യകാലത്ത് ഡൽഹിയിലെ വായു മലിനീകരണം ഉയരുന്നതിന് പിന്നിലെ പ്രധാന കാരണമെന്ന് കോടതി ചൂണ്ടികാട്ടി.
വൈക്കോൽ കത്തിക്കുന്നത് തടയാൻ സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ചർച്ച നടത്താൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ വായു മലിനീകരണത്തിന്റെ മറ്റൊരു പ്രധാന കാരണമായ വാഹനങ്ങളുടെ പുറന്തള്ളൽ പരിശോധിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
വൈക്കോൽ കത്തിക്കുന്നത് തടയാൻ അതത് സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.അതെസമയം സംഭവത്തിൽ ഡൽഹി സർക്കാരും ഉത്തരവാദികളാണെന്ന് സുപ്രീംകോടതി പറഞ്ഞു. നിരവധി ബസുകൾ അന്തരീക്ഷത്തെ മലിനമാക്കുന്നുണ്ടെന്നും ഈ പ്രശ്നം സർക്കാർ തന്നെ പരിഹരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദേശീയ തലസ്ഥാനത്തെ ഗുരുതരമാക്കിയ വിഷവായുവിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കണക്കുകൾ പ്രകാരം, ഡൽഹിയിലെ പല പ്രദേശങ്ങളിലും ചൊവ്വാഴ്ച 400-ലധികം എ.ക്യു.ഐ ഉണ്ടായിരുന്നു. ഇത് തികച്ചും അപകടകരമാണ്.
അതെസമയം വായു മലിനീകരണം നിയന്ത്രിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുന്നതായി സിഎക്യുഎമ്മും (എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനും) സംസ്ഥാനങ്ങളും പറയുന്നു. എന്നാൽ കുറ്റിക്കാടുകൾ കത്തിക്കുന്നത് ഇപ്പോഴും തുടരുകയാണ്, ഡൽഹിക്ക് ഇങ്ങനെ തുടരാനാകില്ലെന്നും കോടതി പറഞ്ഞു.
ഡൽഹിയിലെ വായു മലിനീകരണം ഓരോ വർഷവും ഉയരുന്നതും അതിനപ പിന്നിലെ കാരണങ്ങളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാഷ്ട്രീയ വിഷയമായി ഉയർന്നുവന്നിട്ടുണ്ട്. പഞ്ചാബിലെയും ഹരിയാനയിലെയും സർക്കാരുകൾ വിള അവശിഷ്ടങ്ങൾ കത്തിക്കുന്നതിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ നേരത്തെ ആരോപിച്ചിരുന്നു.