ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ കമ്മീഷണറെ നിയമിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. കമ്മീഷണര്‍ നിയമനത്തില്‍ തല്‍സ്ഥിതി തുടരണമെന്ന മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അനുമതി നല്‍കിയത്. നിയമനം നടത്തുന്നതിനോട് സംസ്ഥാന സര്‍ക്കാരും യോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് കോടതി അനുമതി നല്‍കിയത്.
1950 ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിലെ 13 (ബി) വകുപ്പ് പ്രകാരം കമ്മീഷണര്‍ നിയമനത്തിന് യോഗ്യരായ ജീവനക്കാര്‍ ബോര്‍ഡില്‍ ഇല്ലെങ്കില്‍ സര്‍ക്കാരിനോട് നിയമനത്തിനായി പട്ടിക സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍ നിലവില്‍ ബോര്‍ഡില്‍ യോഗ്യരായ ജീവനക്കാരുണ്ടെന്നും അവരില്‍ നിന്നും കമ്മീഷണര്‍ നിയമനം നടത്താനുളള നടപടിയുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നും ബോര്‍ഡ് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് കോടതി നിയമനത്തിന് അനുമതി നല്‍കിയത്.