കെ.പി.രാജീവന്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുക്കപ്പെട്ട നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ വൈകരുതെന്ന് പഞ്ചാബ്, തമിഴ്‌നാട് ഗവര്‍ണര്‍മാര്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം. നിങ്ങള്‍ തീ കൊണ്ട് കളിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
സഭ സമ്മേളനം അസാധുവാണെന്നും അതുകൊണ്ട് പാസാക്കിയ ബില്ലിന് അംഗീകാരം നല്‍കാനാവില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ കഴിയും. നിങ്ങള്‍ ചെയ്യുന്നതിന്റെ ഗൗരവം നിങ്ങള്‍ക്കറിയാമോ? പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഇങ്ങനെ തുടരാന്‍ കഴിയുമോ? ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരായ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വാക്കാല്‍ പറഞ്ഞു.
നിയമസഭ നിര്‍ത്തിവയ്ക്കാനുള്ള സ്പീക്കറുടെ അധികാരം ചൂഷണം ചെയ്ത് സഭയെ സസ്‌പെന്‍ന്റ് ചെയ്ത് അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകാന്‍ കഴിയില്ല. ഒരു വര്‍ഷത്തില്‍ മൂന്ന് സെഷനുകള്‍ ഉണ്ടായിരിക്കണം. സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പഞ്ചാബ് സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനം എത്രയും വേഗം വിളിച്ചു കൂട്ടാന്‍ മുഖ്യമന്ത്രി സ്പീക്കറെ ഉപദേശിക്കുമെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ് വി നല്‍കിയ ഉറപ്പ് കോടതി രേഖപ്പെടുത്തി.
പാര്‍ലമന്ററി ജനാധിപത്യത്തില്‍ യഥാര്‍ത്ഥ അധികാരം ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. രാഷ്ട്രപതി നിയമിച്ച ആളെന്ന നിലയില്‍ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ തലവനാണ്. കോടതി വ്യക്തമാക്കി. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ്.
വിവേചന അധികാരം ഇല്ലാത്ത വിഷയങ്ങളില്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ കഴിയില്ല. നിയമ നിര്‍മ്മാണ സഭകളില്‍ പ്രധാന അധികാരം സ്പീക്കര്‍ക്കാണ്. പഞ്ചാബില്‍ നിയമസഭ സമ്മേളനം ചേര്‍ന്നത് ചട്ടവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി.
തമിഴ്‌നാട് നിയമസഭ പാസാക്കിയ 12 സുപ്രധാന ബില്ലുകളില്‍ തീരുമാനമെടുക്കാതെ ഗവര്‍ണര്‍ ഭരണഘടന പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗര്‍വര്‍ണര്‍ക്ക് ലഭിച്ചാല്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ഭരണഘടനയിലെ 200-ാം വകുപ്പ് ചൂണ്ടിക്കാട്ടി സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്.
അടുത്തതായി ഹര്‍ജികള്‍ പരിഗണിക്കുന്ന നവംബര്‍ 20 ന് അറ്റോര്‍ണി ജനറലോ സോളിസിറ്റര്‍ ജനറലോ ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസയച്ചു.
പ്രതിസന്ധിയുണ്ടെങ്കില്‍ തെളിവ് ഹാജരാക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍
സംസ്ഥാനത്ത് ഭരണഘടന പ്രതിസന്ധിയുണ്ടെങ്കില്‍ തെളിവ് ഹാജരാക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ പറഞ്ഞു. സംസ്ഥാനത്ത് താന്‍ ഭരണഘടന പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ല. കോടതിയുടെ നിരീക്ഷണങ്ങളെ കുറിച്ച് പ്രതികരിക്കാനില്ല. കേരളത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ല. സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. സുപ്രീം കോടതിയെ വിശുദ്ധ പശുവെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ ചെയ്ത സാഹചര്യത്തിലായിരുന്നു ഗവര്‍ണ്ണറുടെ പ്രതികരണം.
ധനബില്ല് അവതരിപ്പിക്കാന്‍ ഗവര്‍ണറുടെ അനുമതി നേരത്തെ വാങ്ങണമെന്നാണ് ചട്ടം. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭരണഘടന ചവറ്റുകൊട്ടയിലെറിയാനാകില്ല. പൗരത്വ നിയമ ഭേദഗതിയിലും സര്‍ക്കാര്‍ ഇത് തന്നെയാണ് ചെയ്തത്. എന്നാല്‍ തനിക്ക് നിയമം ലംഘിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി തന്നോട് സംസാരിക്കാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ എന്ത് ചെയ്യും. ഗവര്‍ണര്‍ പറഞ്ഞു.
പെന്‍ഷന്‍ കൊടുക്കാന്‍ കാശില്ലെന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാരിന് വലിയ ആഘോഷങ്ങള്‍ക്കും നീന്തല്‍ക്കുളം നിര്‍മ്മിക്കാനും കോടികള്‍ ചെലവഴിക്കുന്നു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും ബാധച്ചു. ഗവര്‍ണര്‍ വ്യക്തമാക്കി.