സാമ്പത്തിക പ്രതിസന്ധി;കേന്ദ്ര -കേരള സര്‍ക്കാരുകള്‍ക്ക് ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തിക്കൂടേയെന്ന് സുപ്രീംകോടതി

സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്ര- കേരള സര്‍ക്കാരുകള്‍ക്ക് ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തിക്കൂടേയെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം.

author-image
anu
New Update
സാമ്പത്തിക പ്രതിസന്ധി;കേന്ദ്ര -കേരള സര്‍ക്കാരുകള്‍ക്ക് ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തിക്കൂടേയെന്ന് സുപ്രീംകോടതി

 

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്ര- കേരള സര്‍ക്കാരുകള്‍ക്ക് ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തിക്കൂടേയെന്ന് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. ചര്‍ച്ചയ്ക്കു തയാറാണെന്ന് കേരളവും കേന്ദ്രവും മറുപടി നല്‍കി. കേരള ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും കേന്ദ്രവുമായി ചര്‍ച്ച നടത്തട്ടെയെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ചര്‍ച്ചയുണ്ടെങ്കില്‍ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ധനമന്ത്രി ഡല്‍ഹിയില്‍ എത്തുമെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചത് അടക്കമുള്ള കേന്ദ്ര തീരുമാനങ്ങള്‍ക്കെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കേരളത്തിന് ഇനിയും കടമെടുക്കാന്‍ അനുമതി നല്‍കുന്നത് സംസ്ഥാനത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കു നയിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അടിയന്തരമായി കടമെടുക്കാന്‍ അനുവദിക്കുന്നതിന് ഇടക്കാല ഉത്തരവ് ഇറക്കണമെന്ന കേരളത്തിന്റെ അപേക്ഷയിലാണു കേന്ദ്ര ധനകാര്യമന്ത്രാലയം മറുപടി സത്യവാങ്മൂലം നല്‍കിയത്.

കേരളത്തിന് ഇനിയും കടമെടുക്കാന്‍ അനുമതി നല്‍കുന്നത് സാമ്പത്തിക ചട്ടക്കൂടിനെ ദോഷകരമായി ബാധിക്കും. ഇത് സംസ്ഥാനങ്ങളുടെ മോശം സാമ്പത്തിക മാനേജ്‌മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാകും. കടമെടുപ്പിന് അനുമതി നല്‍കുന്നത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ നല്ലതല്ല. വായ്പാച്ചെലവ് കൂട്ടുകയും സാമ്പത്തികപ്രതിസന്ധിയിലേക്കു നയിക്കുകയും ചെയ്യും. ഭരണഘടനാ വ്യവസ്ഥകള്‍ ഉപയോഗിച്ചു കേരളത്തിന്റെ കടമെടുപ്പു തോത് കേന്ദ്രം നിയന്ത്രിച്ചില്ലായിരുന്നെങ്കില്‍ കേരളം ഇതിലും വലിയ പ്രതിസന്ധിയിലാകുമായിരുന്നുവെന്നും മറുപടിയില്‍ പറയുന്നു.

ഏതു സര്‍ക്കാര്‍ സ്ഥാപനം എടുക്കുന്ന വായ്പയും സംസ്ഥാനകടമായി കേന്ദ്രം പരിഗണിക്കുന്നുവെന്ന കേരളത്തിന്റെ വാദവും സത്യവാങ്മൂലത്തില്‍ തള്ളി. കെഎസ്ആര്‍ടിസി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്ക് എടുക്കുന്ന വായ്പകള്‍ക്ക് എതിരല്ലെന്നും കേന്ദ്രം അറിയിച്ചു.

Latest News national news