ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനെതിരെ പിഎഫ്‌ഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. 2022 സെപ്റ്റംബറിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും മറ്റ് എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു നിരോധനം. നിരോധനം യുഎപിഎ ട്രൈബ്യൂണല്‍ ശരിവെക്കുകയും ചെയ്തു. ഈ ഉത്തരവിനെതിരെയായിരുന്നു പിഎഫ്‌ഐ ഹര്‍ജി സമര്‍പ്പിച്ചത്. സംഘടനയുടെ ചെയര്‍മാന്‍ ഒ.എം.എ സലാമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ആദ്യം ദില്ലി ഹൈക്കോടതിയില്‍ പോകാനും പിന്നീട് ആവശ്യമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിര്‍ദ്ദേശിച്ചു.
രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്തായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പിഎഫ്‌ഐയെ നിരോധിച്ചത്. റീഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റീഹാബ് ഫൗണ്ടേഷന്‍ കേരള എന്നിവയാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിക്കപ്പെട്ട മറ്റു സംഘടനകള്‍.