ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നിര്‍ണായക നിര്‍ദേശം. പഞ്ചാബ് കേസിലെ ഉത്തരവ് വായിച്ചുനോക്കാനാണ് രാജ്ഭവന്‍ സെക്രട്ടറിയോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടത്. അതിനു ശേഷം മറുപടി നല്‍കാനും അറ്റോണി ജനറലിനോട് കോടതി നിര്‍ദേശിച്ചു.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തതിനെ ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. വളരെ കുറച്ചുസമയത്തേക്കു മാത്രമാണ് കോടതി വെള്ളിയാഴ്ച ഹര്‍ജിയില്‍ വാദം കേട്ടത്.
മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലാണ് കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായത്. കേരളത്തില്‍ പഞ്ചാബിനു സമാനമായ അസ്ഥയാണെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ഒപ്പിടുന്ന ബില്ലുകള്‍ ഗവര്‍ണര്‍ തടയുകയാണെന്നും വേണുഗോപാല്‍ കോടതിയെ അറിയിച്ചു.
രാജ്ഭവനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ ആര്‍ വെങ്കിട്ട രമണി കേസില്‍ ചില കാര്യങ്ങള്‍ ബോധിപ്പിക്കാനുണ്ടെന്നു പറഞ്ഞു. തുടര്‍ന്ന് കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.