തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദേഹം ചൊറിച്ചിലും ശ്വാസതടസ്സവും. വെഞ്ഞാറമൂട് ആലന്തറ ഗവ. യു.പി. സ്‌കൂളിലെ നൂറോളം വിദ്യാര്‍ഥികളാണ് സമാന ലക്ഷണങ്ങളുമായി ചികിത്സ തേടിയത്.
ഒരാഴ്ചയായി കുട്ടികള്‍ക്ക് ഈ രോഗലക്ഷണങ്ങളുണ്ട്. ഇതേ തുടര്‍ന്ന് ആരോഗ്യവിഭാഗം സ്‌കൂളിലെത്തി പരിശോധന നടത്തുകളും സ്‌കൂള്‍ അടയ്ക്കുകയും ചെയ്തു.
ആറാം ക്ലാസിലെ കുട്ടികള്‍ക്കാണ് ചൊറിച്ചിലും ശ്വാസതടസ്സവും അനുഭവപ്പെട്ടത്. ക്ലാസിലെ അഞ്ച് കുട്ടികള്‍ക്കാണ് ആദ്യം ചൊറിച്ചില്‍ അനുഭവപ്പെട്ടത്. വെള്ളിയാഴ്ച കൂടുതല്‍ കുട്ടികള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് ക്ലാസ് വൃത്തിയാക്കുകയും കുട്ടികളെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റുകയും ചെയ്തു.
തിങ്കളാഴ്ച അവധി കഴിഞ്ഞെത്തിയ കുട്ടികള്‍ അതേ ക്ലാസില്‍ത്തന്നെ ഇരുന്നു. ചൊറിച്ചില്‍ വീണ്ടും അനുഭവപ്പെടുകയും ചൊറിച്ചില്‍ അനുഭവപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
ആരോഗ്യവകുപ്പില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വാമനപുരം ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ സ്‌കൂളിലെത്തി കുട്ടികളുടെ സാമ്പിള്‍ ശേഖരിച്ചു. പകര്‍ച്ചവ്യാധിയാണെന്ന സംശയമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ളത്.