നവകേരള സദസ്; പാലായില്‍ മുഖ്യമന്ത്രിയുടെ ഫ്ളെക്‌സില്‍ കരി ഓയില്‍ ഒഴിച്ചു, പരാതിയുമായി സിപിഎം

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഫ്‌ലക്‌സ് ബോര്‍ഡില്‍ സാമൂഹ്യവിരുദ്ധന്‍ കരി ഓയില്‍ ഒഴിച്ചത്.

author-image
Greeshma Rakesh
New Update
നവകേരള സദസ്; പാലായില്‍ മുഖ്യമന്ത്രിയുടെ ഫ്ളെക്‌സില്‍ കരി ഓയില്‍ ഒഴിച്ചു, പരാതിയുമായി സിപിഎം

കോട്ടയം: പാലായില്‍ നവകേരള സദസിനായി സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്ളെക്സില്‍ കരി ഓയില്‍ ഒഴിച്ച് അജ്ഞാതന്‍. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി.തിങ്കളാഴ്ച പുലര്‍ച്ചെയാണ് സ്റ്റേഡിയത്തിന് സമീപം സ്ഥാപിച്ചിരുന്ന മുഖ്യമന്ത്രിയുടെ ഫ്‌ലക്‌സ് ബോര്‍ഡില്‍ സാമൂഹ്യവിരുദ്ധന്‍ കരി ഓയില്‍ ഒഴിച്ചത്.

 

നവകേരളസദസ്സിനായി കഴിഞ്ഞദിവസം റോഡില്‍ സ്ഥാപിച്ചിരുന്ന മന്ത്രിമാരുടെ ഫോട്ടോകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് സിപിഐഎം പൊലീസില്‍ പരാതി നല്‍കുകയും ബോര്‍ഡുകള്‍ നശിപ്പിക്കാതിരിക്കുന്നതിന് ആവശ്യമായ പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.ശേഷം തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിക്ക് ശേഷമാണ് കരി ഓയില്‍ ഒഴിച്ചതെന്നാണ് വിവരം.

ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നതിന്റെ എതിര്‍ വശത്തെ കടയുടെ മുന്‍ഭാഗത്ത് കൂടി റോഡ് മുറിച്ച് കടന്ന് കരി ഓയില്‍ ഒഴിച്ച ശേഷം കടന്നുപോകുന്ന അജ്ഞാതന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ തല തുണികൊണ്ട് മറച്ചിട്ടുണ്ട്. കൃത്യം ചെയ്ത ആളുടെ മുഖം വ്യക്തമല്ല.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

നവകേരളസദസ്സില്‍ വിറളി പൂണ്ടവരാണ് കരി ഓയില്‍ പ്രയോഗം നടത്തിയതെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി അജി പറഞ്ഞു. കുറ്റക്കാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപെട്ടു. കരി ഓയില്‍ ഒഴിച്ച ഫ്‌ലക്‌സ് ബോര്‍ഡ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാറ്റി.

 

12 നാണ് പാലായില്‍ നവകേരള സദസ് നടക്കുന്നത്. ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്കായ പാലാ നഗര സഭ സ്റ്റേഡിയം നവകേരള സദസ്സിന് വിട്ട് കൊടുത്തതില്‍ യു.ഡി.എഫും ബി.ജെ.പിയും പാലയില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. യുവമോര്‍ച്ച കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നവകേരളസദസ്സ് വേദിയിലേക്ക് പ്രതിഷേധ പ്രകടനവും നടക്കും.

 

 

kottayam pinarayi vijayan cpm navakerala sadas charcoal oil