പ്രധാന കവാടത്തില്‍ ആന, സിംഹം, ഹനുമാന്‍, ​ഗരുഡൻ പ്രതിമകള്‍; ഭക്തരെ വരവേൽക്കാൻ അയോധ്യ രാമക്ഷേത്രം!

രാജസ്ഥാനിലെ ബൻസി പഹാർപൂർ പ്രദേശത്തുനിന്നുള്ള കല്ലുകൾ ഉപയോഗിച്ചാണ് പ്രതിമകൾ നിർമ്മിച്ചിരിക്കുന്നത്.കവാടത്തില്‍ സ്ഥാപിച്ച പ്രതിമകളുടെ ചിത്രങ്ങൾ ക്ഷേത്രം ട്രസ്റ്റ് പങ്കുവച്ചു

author-image
Greeshma Rakesh
New Update
പ്രധാന കവാടത്തില്‍ ആന, സിംഹം, ഹനുമാന്‍, ​ഗരുഡൻ  പ്രതിമകള്‍; ഭക്തരെ വരവേൽക്കാൻ അയോധ്യ രാമക്ഷേത്രം!

അയോധ്യ: തീര്‍ഥാടകരെ സ്വീകരിക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് അയോധ്യയിലെ രാമക്ഷേത്രം.അതിന്റെ ഭാഗമായി ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടത്തില്‍ ആന, സിംഹം, ഹനുമാന്‍, ഗരുഡന്‍ എന്നിവയുടെ അലങ്കരിച്ച പ്രതിമകള്‍ സ്ഥാപിച്ചു. ക്ഷേത്രത്തിലേക്കുള്ള പടികള്‍ക്ക് ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന തട്ടുകളുള്ള സ്ലാബുകളിലാണ് ഈ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്.

രാജസ്ഥാനിലെ ബൻസി പഹാർപൂർ പ്രദേശത്തുനിന്നുള്ള കല്ലുകൾ ഉപയോഗിച്ചാണ് പ്രതിമകൾ നിർമ്മിച്ചിരിക്കുന്നത്.കവാടത്തില്‍ സ്ഥാപിച്ച പ്രതിമകളുടെ ചിത്രങ്ങൾ ക്ഷേത്രം ട്രസ്റ്റ് പങ്കുവച്ചു. ചിത്രങ്ങള്‍ അനുസരിച്ച് താഴത്തെ സ്ലാബില്‍ ഓരോ ആനയുടെ പ്രതിമയും, രണ്ടാം നിലയില്‍ ഓരോ സിംഹത്തിന്റെ പ്രതിമയും ഏറ്റവും മുകളിലത്തെ സ്ലാബില്‍ ഹനുമാന്റെ പ്രതിമയും ഒരു വശത്ത് ഗരുഡ പ്രതിമയുമാണ് സ്ഥാപിച്ചിട്ടുള്ളത്.

'ക്ഷേത്രത്തിലേക്കുള്ള പ്രവേശനം കിഴക്ക് ഭാഗത്തുനിന്നായിരിക്കും. തെക്ക് വശത്ത് നിന്ന് തീര്‍ഥാടകര്‍ക്ക് പുറത്തുകടക്കാനാകും. കൂടാതെ ക്ഷേത്രം മൂന്ന് നിലകളായി തോന്നുന്ന തരത്തിലായിരിക്കും ഘടന,' ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

 

സന്ദര്‍ശകര്‍ കിഴക്ക് ഭാഗത്ത് നിന്ന് 32 പടികള്‍ കയറിയാകും പ്രധാന ക്ഷേത്രത്തിലെത്തുക. പൂർണ്ണമായും പരമ്പരാഗത നാഗര ശൈലിയില്‍ നിര്‍മ്മിച്ച ക്ഷേത്ര സമുച്ചയത്തിന് 380 അടി നീളവും (കിഴക്ക്-പടിഞ്ഞാറ് ദിശയും), 250 അടി വീതിയും 161 അടി ഉയരവുമാണ്.മാത്രമല്ല 392 തൂണുകളും 44 കവാടങ്ങളുമുള്ള ക്ഷേത്രത്തിന്റെ ഓരോ നിലയും 20 അടി ഉയരത്തിലായിരിക്കും.

ഈ മാസം 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ മുഖ്യാതിഥി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്.അതെസമയം
ചടങ്ങിനായി അയോധ്യയിലേക്ക് വരാൻ തിരക്കുകൂട്ടരുതെന്ന് പ്രധാനമന്ത്രി മുൻകൂട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഔപചാരികമായ പരിപാടി കഴിഞ്ഞാൽ എല്ലാ ഭക്തർക്കും അവരുടെ സൗകര്യമനുസരിച്ച് അയോധ്യയിൽ വരാം.

ഇതിനകം 550 വർഷം കാത്തിരുന്നു, ദയവായി കുറച്ച് ദിവസം കൂടി കാത്തിരിക്കൂവെന്നും മോദി പറഞ്ഞു.അതെസമയം ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22 ന് രാജ്യത്തെ എല്ലാവരും വീടുകളിൽ ദീപങ്ങൾ തെളിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.മാത്രമല്ല ജനുവരി 14 മുതൽ ജനുവരി 22 വരെ രാജ്യത്തുടനീളമുള്ള തീർത്ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞങ്ങൾ ആരംഭിക്കാനും മോദി ആവശ്യപ്പെട്ടിട്ടുണ്ട്.

BJP narendra modi statue ram mandir temples ayodhya ram mandir temple