ന്യൂഡൽഹി: സർക്കാർ ഏറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരം നൽകുന്നത് കാരുണ്യപ്രവർത്തനമല്ലെന്ന് സുപ്രീംകോടതി.സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിലൂടെ സർക്കാർ വലിയ കാരുണ്യപ്രവർത്തനം നടത്തിയെന്ന രീതിയിൽ ഉയർത്തിക്കാട്ടേണ്ടതില്ലെന്നും അത് ഉടമയുടെ അവകാശമാണെന്നും സുപ്രീംകോടതി ചൂണ്ടികാട്ടി.
സ്റ്റി സ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഭരണഘടനയുടെ ആർട്ടിക്കിൾ 300-എ പ്രകാരമുള്ള സ്വത്തവകാശം ഇപ്പോഴും ഭരണഘടനാപരമായ അവകാശമാണെന്ന് ജസ്റ്റിസുമാരായ ബിആർ ഗവായ് , സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് കൂട്ടിച്ചേർത്തു.
2004ൽ അതോറിറ്റി ഭൂമി ഏറ്റെടുത്ത ചില ഭൂവുടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിൽ പരാജയപ്പെട്ട ഗാസിയാബാദ് ഡെവലപ്‌മെൻ്റ് അതോറിറ്റി (ജിഡിഎ) ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ കേസ് ഹർജി പരിഗണിക്കുകയായിരുന്നു കോടതി.കോടതിയലക്ഷ്യ നോട്ടീസ് അയച്ചശേഷം 2023 ഡിസംബറിലാണ് നഷ്ടപരിഹാരം നൽകിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഭൂവുടമകൾ ആവശ്യപ്പെട്ടത് ജിഡിഎ ഇപ്പോൾ നൽകിയെന്ന വാദം കോടതി തള്ളി. ഏറ്റെടുത്ത ഭൂമി വാസസ്ഥലമല്ല, കൃഷിഭൂമിയാണെന്ന് നിഗമനത്തിലെത്താൻ ജിഡിഎ ഏഴ് വർഷമെടുത്തുവെന്നും കോടതി ചൂണ്ടിക്കാട്ടി.നഷ്ടപരിഹാരത്തുകയുടെ സാധുത സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ആവശ്യമെങ്കിൽ ഭൂമി ഉടമകൾക്ക് അതിനെ ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി. അത്തരത്തിലുള്ള ഏത് പ്രശ്നവും ആറ് മാസത്തിനകം തീർപ്പാക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.