സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചു; കെ എന്‍ ബാലഗോപാല്‍

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നെല്ല് സംഭരണത്തിന് സംസ്ഥാന സബ്സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകള്‍ക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചത്.

author-image
anu
New Update
സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചു; കെ എന്‍ ബാലഗോപാല്‍

 

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. നെല്ല് സംഭരണത്തിന് സംസ്ഥാന സബ്സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകള്‍ക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചത്. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയത്. നേരത്തെ രണ്ടു തവണയായി 380 കോടി രൂപയും നല്‍കിയിരുന്നുവെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായത്തില്‍ മൂന്നുവര്‍ഷത്തെ 763 കോടി രൂപ കുടിശികയുണ്ട്. ഈ വര്‍ഷത്തെ 388.81 കോടി രൂപയും, കഴിഞ്ഞവര്‍ഷത്തെ 351.23 കോടി രൂപയും ലഭിക്കാനുണ്ട്. 2021-22ലെ 23.11 കോടി രൂപയും കുടിശികയാണ്. കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തിന് കാത്തുനില്‍ക്കാതെ, നെല്ല് സംഭരിക്കുമ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് വില നല്‍കുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്സിഡിയും ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയര്‍ന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില നല്‍കുമ്പോള്‍ മാത്രമാണ് കര്‍ഷകന് നെല്‍വില ലഭിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തില്‍ പിആര്‍എസ് വായ്പാ പദ്ധതിയില്‍ കര്‍ഷകന് നെല്‍വില ബാങ്കില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പലിശയും മുതലും ചേര്‍ത്തുള്ള വായ്പാ തിരിച്ചടവ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കും. കര്‍ഷകന്‍ നല്‍കുന്ന ഉല്‍പാദന ബോണസിന്റെയും വായ്പാ പലിശയുടെയും ബാധ്യത സംസ്ഥാന സര്‍ക്കാരാണ് തീര്‍ക്കുന്നത്. ഇതിലൂടെ നെല്ല് ഏറ്റെടുത്താല്‍ ഉടന്‍ കര്‍ഷകന് വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാവും. വായ്പാ ബാധ്യത ഏറ്റെടുക്കേണ്ടി വരില്ല. കേരളത്തില്‍ മാത്രമാണ് നെല്‍ കര്‍ഷകര്‍ക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest News kerala news SupplyCo