ഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ നിന്ന് മത്സരിക്കാൻ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും.രാവിലെ ഡൽഹിയിലെ വസതിയിൽ നിന്ന് പുറപ്പെട്ട സോണിയാ ഗാന്ധി 10 മണിയോടെ ജയ്പൂരിലെത്തി. ആരോഗ്യപരമായ കാരണങ്ങളാലാണ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മാറാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സോണിയ ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പത്രിക നല്‍കാനായി ജയ്പൂരിലെത്തി.ഇതിനായി ഭാരത് ജോഡോ യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേള നല്‍കിയിരുന്നു.ഫെബ്രുവരി 15 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഫെബ്രുവരി 27നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ്. 25 വര്‍ഷം ലോക്സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്. 1998 നും 2022 നും ഇടയിൽ ഏകദേശം 22 വർഷം കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധി അഞ്ച് തവണയാണ് ലോക്‌സഭാ എംപിയായത്.
അതെസമയം സോണിയ ഗാന്ധിയുടെ ഉത്തർപ്രദേശിലെ റായ്ബറേലി ലോക്‌സഭാ സീറ്റിലേയ്ക്ക് മകളും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വാദ്രയെ പരിഗണിച്ചേക്കുമെന്നാണ് സൂചന.എന്നാൽ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം സംബന്ധിച്ച് നേതൃത്വം ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടില്ല.