ശ്രീനഗർ: ഇൻഡ്യ മുന്നണി തകർച്ചയിലേക്കെന്ന് നാഷണൽ കോൺഫറൻസ് അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള എംപി. പ്രതിപക്ഷപാർട്ടികൾ മറ്റ് മുന്നണികൾ രൂപീകരിക്കാൻ സാധ്യതയുണ്ടെന്നും, സീറ്റ് വിഭജനത്തിൽ വരുത്തുന്ന കാലതാമസം ഇൻഡ്യ മുന്നണിയെ തകർച്ചയിലേക്ക് നയിക്കുമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.ഒരു ഓൺലൈൻ മാധ്യമത്തിനായി മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ നടത്തിയ അഭിമുഖത്തിലാണ് ഫറൂഖ് അബ്ദുള്ളയുടെ മുന്നറിയിപ്പ്.
ഇപ്പോഴും സീറ്റ് ചർച്ചകൾ പൂർത്തിയാകാതെ തുടരുന്നത് മുന്നണിയുടെ നിലനിൽപ്പിനെ ബാധിക്കുന്ന കാര്യമാണ്. അതിനാൽ ഉറപ്പായും സീറ്റ് വിഭജനം സമയബന്ധിതമായി പൂർത്തിയാക്കണം. വേഗത്തിൽ തന്നെ അത് നടപ്പായില്ലെങ്കിൽ ഇൻഡ്യ മുന്നണിയിലെ കക്ഷികൾ മറ്റ് മുന്നണികൾക്ക് രൂപം നൽകാൻ സാധ്യതയുണ്ട്. അത് വലിയ അപകടം വരുത്തിവക്കും. ഇനിയും സമയമുണ്ട്. ഫറൂഖ് പറഞ്ഞു.
ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങീ സംസ്ഥാനങ്ങളിലെ ഇൻഡ്യ മുന്നണി സീറ്റ് വിഭജന ചർച്ചകൾ തർക്കങ്ങൾ മൂലം വഴിമുട്ടി നിൽക്കുകയാണ്. ബംഗാളിൽ കോൺഗ്രസിന് രണ്ട് സീറ്റുകൾ മാത്രമേ നൽകാൻ സാധിക്കുകയുള്ളുവെന്ന മമതയുടെ ഉറച്ചനിലപാടിൽ കോൺഗ്രസ് കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പഞ്ചാബിലെ അവസ്ഥയും സമാനമാണ്.സീറ്റ് വിഭജനത്തിൽ യാതൊരുവിധ വിട്ടുവീഴ്ചകൾക്കും തയ്യാറല്ലെന്ന് ആംആദ്മി പാർട്ടി പരസ്യമായി അറിയിച്ചുകഴിഞ്ഞു. ഇതിന്റെ എല്ലാം പശ്ചാത്തലത്തിലാണ് ഫറൂഖ് അബ്ദുള്ളയുടെ മുന്നറിയിപ്പ്.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഒടുവിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ നിന്നും അഖിലേഷ് യാദവ്, മമത ബാനർജി എന്നിവർ വിട്ടുനിന്നിരുന്നു. നിതീഷിനെ കൺവീനറായി പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചായിരുന്നു നേതാക്കൾ യോഗത്തിൽ നിന്നും വിട്ടുനിന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പിന്നീട് മകോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇൻഡ്യ മുന്നണി അധ്യക്ഷനായി തിരഞ്ഞെടുക്കുകയായിരുന്നു. അതെസമയം
തന്നെ മുന്നണിയുടെ കൺവീനർ ആക്കാത്തതിൽ നിതീഷ് കുമാറിനും പ്രതിഷേധമുണ്ട്.