വടകര:∙ വടകരയിൽ ഒരു വർഷമായി അടച്ചിട്ട കടമുറിയിൽ തലയോട്ടിയും കൈയുടെ ഭാഗങ്ങളും കണ്ടെത്തി.അഴിയൂർ പഞ്ചായത്തിലെ കുത്തിപ്പള്ളിയിൽ ദേശീയപാതയ്ക്കു വേണ്ടി അക്വയർ ചെയ്ത ഒഴിച്ചിട്ട കടയ്ക്കുള്ളിലാണ് ഇവ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ കടയുടെ ഷട്ടർ ഉൾപ്പെടെ പൊളിച്ചു മാറ്റുന്നതിനായി എത്തിയ തൊഴിലാളികളാണ് കടയ്ക്കുള്ളിൽ പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ട ഭാഗത്ത് തലയോട്ടിയും കൈയുടെ ഭാഗങ്ങളും കണ്ടെത്തിയത്. വിവരമറിഞ്ഞതിനു പിന്നാലെ ചോമ്പാല പൊലീസ് സ്ഥലത്തെത്തി.
ഒരു വർഷത്തിനു മുകളിലായി അടച്ചിട്ട കടയാണിത്. ഒരു വർഷം മുൻപ് വരെ ഇവിടെ ചായക്കട പ്രവർത്തിച്ചിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്നതിനു മുന്നോടിയായി ഷട്ടർ ഉൾപ്പെടെ എടുത്തു മാറ്റാനാണു തൊഴിലാളികൾ സ്ഥലത്ത് എത്തിയത്. ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം മാത്രമെ തലയോട്ടിയുടെ പഴക്കം സംബന്ധിച്ച് അനുമാനത്തിൽ എത്താൻ കഴിയൂ. റൂറൽ എസ്പി ഉൾപ്പെടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.