ശിവ​ഗിരി തീർത്ഥാടനം; മതങ്ങൾ തമ്മിലുള്ള മത്സരം ഇല്ലാതാവണം :ഡോ. ജി മോഹൻ ഗോപാൽ

ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന ഗുരുധർമ്മപ്രചരണ സഭാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

author-image
Greeshma Rakesh
New Update
ശിവ​ഗിരി തീർത്ഥാടനം; മതങ്ങൾ തമ്മിലുള്ള മത്സരം ഇല്ലാതാവണം :ഡോ. ജി മോഹൻ ഗോപാൽ

 

ശിവഗിരി : ജാതികൾ തമ്മിലും മതങ്ങൾ തമ്മിലും മത്സരം ഇല്ലാതിരിക്കണം. എല്ലാമതതത്ത്വങ്ങളും എല്ലാവരും അറിയണം. ഇതാകണം ഇന്ത്യയുടെ ആവശ്യമെന്ന് നാഷണൽ ജൂഡീഷ്യറി അക്കാദമി മുൻ ഡയറക്ടർ ഡോ. ജി മോഹൻ ഗോപാൽ അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഗുരുദേവന്റെ ഇക്കാര്യത്തിലുള്ള ഉപദേശവും ഈ വിധമായിരുന്നുവെന്നും മോഹൻ ഗോപാൽ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന ഗുരുധർമ്മപ്രചരണ സഭാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗുരുദേവന്റെ മുന്നിൽ ഒരു ജാതി മാത്രമേയുള്ളൂ. സമുദായങ്ങൾ പലപേരിൽ ഉണ്ടാകാം. പക്ഷേ ഒരേ വിധത്തിൽ ജനിക്കുന്ന മനുഷ്യരെല്ലാം ഒരു ജാതി തന്നെ. മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ഗുരുദേവനെ കണ്ട് സംസാരിക്കുമ്പോൾ പലജാതി സങ്കൽപ്പമായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. ഗുരുവുമായുള്ള സംഭാഷണത്തിന് ശേഷം ഗാന്ധി മടങ്ങിയത്. മനുഷ്യർ ഒരുജാതിയിൽപ്പെട്ടവർ എന്ന വിശ്വാസത്തോടെയായിരുന്നു.

ചില മതവിഭാഗങ്ങൾ ഒന്നിച്ചു നിന്നുകൊണ്ട് മറ്റ് മത വിഭാഗങ്ങളെ എതിർക്കുന്നത് പ്രോത്സാഹിപ്പിക്കാനാവില്ല. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുദേവ ദർശനത്തിൽ നാം എത്തിച്ചേരണം. ഈ തത്വം ഓരോ മനുഷ്യ മനസ്സുകളിലും ഉണ്ടാകണം. ഇതുവഴി പരസ്പര സ്‌നേഹം നിലനിർത്തുവാനും സദാചാരലംഘനമില്ലാത്ത സമൂഹം കെട്ടിപ്പെടുക്കുവാനും കഴിയണമെന്ന് മോഹൻ ഗോപാൽ പറഞ്ഞു.

ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ജോയിന്റ് സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ , സ്വാമി പ്രബോധതീർത്ഥ, പിന്നോക്ക സമുദായ മുൻ ഡയറക്ടർ വി.ആർ. ജോഷി, സഭാ ഉപദേശക സമിതി കൺവീനർ കുറിച്ചി സദൻ, ശിവഗിരി മഠം പി.ആർ.ഒ. ഇ.എ.ം സോമനാഥൻ , മാതൃസഭ ചെയർപേഴ്‌സൺ മണിയമ്മ ഗോപിനാഥൻ, സഭ പി.ആർ.ഒ. വി.കെ. ബിജു, രജിസ്ട്രാർ അഡ്വ. പി.എം. മധു, യുവജന സഭാ ചെയർമാൻ രാജേഷ് സഹദേവൻ, ജോയിന്റ് രജിസ്ട്രാർ സി.ടി. അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്ന് 10 മണിക്ക് ആശാൻ ദേഹവിയോഗ ശതാബ്ദിയാചരണം നടക്കും. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

 

sivagiri pilgrimage religions dr g mohan gopal