ശിവഗിരി: ശിവഗിരി ആശ്രമം യു കെ ഭാരതത്തിനു പുറത്തുള്ള ശിവഗിരി മഠത്തിന്റെ ആദ്യ അഫിലിയേറ്റഡ് സെന്റര്‍ ആയി ശിവഗിരി മഠം ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡിന്റെ സെപ്റ്റംബര്‍ 20ന് കൂടിയ യോഗം അംഗീകാരം നല്‍കി.
ശ്രീനാരായണ ഗുരുവിന്റെ ചിന്താപദ്ധതിയുടെ മൂല്യങ്ങള്‍ പശ്ചാത്യ ലോകത്തു പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭയുടെ യുകെയിലെ യൂണിറ്റായ സേവനം യു കെ ബ്രിട്ടണിലെ പ്രമുഖ വ്യവസായിയും ഹൃദയത്തിന് മേല്‍ ഗുരു സ്മൃതികള്‍ എഴുതിച്ചേര്‍ക്കപ്പെട്ട ഗുരു ഭക്തനുമായ സിബി കുമാറിന്റെ സഹായത്തോടെ ലണ്ടനില്‍ ആറു കോടി നാല്‍പതിയഞ്ചു ലക്ഷം ചിലവിട്ടു യു കെയുടെ മദ്ധ്യഭാഗമായ വൂള്‍വര്‍ഹാംടണ്‍ എന്നസ്ഥലത്തു ലോര്‍ഡ്‌സ് സ്ട്രീറ്റില്‍ ആണ് ആശ്രമം സ്വന്തമാക്കിയിട്ടുള്ളത്.
ശിവഗിരി ആശ്രമം യു കെ യുടെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 2022 ഏപ്രില്‍ 30 നു ലണ്ടനില്‍ ശ്രീ നാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നിര്‍വഹിച്ചിരുന്നു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശം അനുസരിച്ചു ആശ്രമത്തിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു ശിവഗിരി ആശ്രമം യു കെയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു.
ഈ പുതിയ സെന്ററിലേക്ക് ശിവഗിരിമഠത്തിന്റെ പ്രതിനിധിയായി ഒരു സംന്യാസിയെ അയക്കുവാന്‍ ധര്‍മ്മസംഘം ട്രസ്റ്റ് ആലോചനയിലാണ്. ശിവഗിരി ആശ്രമം ഓഫ് യു.കെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വവിധ വിജയങ്ങളും ധര്‍മ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികള്‍, ഖജാന്‍ജി ശാരദാനന്ദ സ്വാമികള്‍ എന്നിവര്‍ ആശംസിച്ചു.