കോഴിക്കോട്: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥ് മരിച്ചതിൽ എസ്എഫ്‌ഐയെ ന്യായീകരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.എസ്എഫ്ഐയ്ക്കെതിരെ നടക്കുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള രാഷ്‌ട്രീയ മുതലെടുപ്പാണെന്നാണ് മുഹമ്മദ് റിയാസിന്റെ വാദം.
മാദ്ധ്യമങ്ങൾ എസ്എഫ്‌ഐക്കെതിരെ നടത്തുന്നത് പൊളിറ്റിക്കൽ മോബ് ലിഞ്ചിങ് ആണെന്നും എസ്എഫ്‌ഐയെ തകർക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും മന്ത്രി പ്രതികരിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എഫ്‌ഐ പ്രവർത്തകരുടെ ക്രൂരമർദനവും ആൾക്കൂട്ട വിചാരണയുമാണ് സിദ്ധാർത്ഥനെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നടക്കമുള്ള റിമാന്റ് റിപ്പോർട്ടുകളും തെളിവുകളും പുറത്തുവന്നതിന് പിന്നാലെയാണ് ഇടത് സംഘടനയെ പിന്തുണച്ചുള്ള മന്ത്രിയുടെ പ്രസ്ഥാവന.
”സിദ്ധാർത്ഥിന്റെ മരണം എസ്എഫ്‌ഐയ്‌ക്കെതിരെ നടത്തുന്ന ആൾക്കൂട്ട ആക്രമണമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രചരണായുധമാക്കുകയെന്നതാണ് ലക്ഷ്യം. കൂടാതെ എസ്എഫ്‌ഐയെ തകർക്കുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്. എന്നാൽ അതൊന്നും നടക്കാൻ പോകുന്നില്ല. എന്തൊക്കെ മുന്നിൽ വന്നാലും അതിനെയൊക്കെ തരണം ചെയ്ത് എസ്എഫ്‌ഐ തിരിച്ചു വരും. അങ്ങനെ അവർ വിജയിക്കുന്നത് എസ്എഫ്‌ഐ ഉയർത്തി പിടിക്കുന്ന രാഷ്‌ട്രീയം സത്യമായത് കൊണ്ടാണ്.”- മുഹമ്മദ് റിയാസ് പറഞ്ഞു.
എസ്എഫ്‌ഐയിൽ പ്രവർത്തിക്കുന്നവരെ ആട്ടിയോടിക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങാളാണ് ഇവിടെ ഇപ്പോൾ കണ്ടു വരുന്നത്. ഇതൊക്കെ ശരിയായ കാര്യങ്ങളാണോയെന്നും മന്ത്രി ചോദിച്ചു. സിദ്ധാർത്ഥിന്റെ മരണം ദാരുണമാണെന്നും എന്നാൽ ഇത് എസ്എഫ്‌ഐക്കെതിരെയുള്ള പ്രചാരണമാണെന്നും റിയാസ് ആരോപിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതെസമയം പൂക്കോട് വെറ്ററിനറി കോളേജിലും ഹോസ്റ്റലിലും അക്രമം പതിവായിരുന്നുവെന്ന് മുൻ പിടിഎ പ്രസിഡൻ്റ് കുഞ്ഞാമു വെളിപ്പെടുത്തിയിരുന്നു.പതിവായുള്ള അക്രമങ്ങൾ തടയാൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും എസ്എഫ്ഐ പ്രവർത്തകർ ക്യാമറകൾ നീക്കം ചെയ്യുകയായിരുന്നെന്നും കുഞ്ഞാമു തുറന്നുപറഞ്ഞു.മാത്രമല്ല ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
കോളേജ് ഹോസ്റ്റൽ എസ്എഫ്ഐയുടെ താവളമെന്ന് തുറന്നുകാട്ടുന്നതാണ് ചുവരെഴുത്തുകളും മറ്റും. ചെഗുവേരയുടെ പടുകൂറ്റൻ ചിത്രങ്ങളാണ് ഹോസ്റ്റൽ ചുമരുകളിലുടനീളം കാണാൻ കഴിയുന്നത്. സിദ്ധാർത്ഥ് താമസിച്ചിരുന്ന മുറിയിലും ലെനിന്റെയും കാൾ മാക്സിന്റെയും ചിത്രമാണ് വരച്ചിരിക്കുന്നത്.
മാത്രമല്ല ലഹരിയുടെ അടിമകളാണ് മിക്കവരുമെന്നും സൂചനയുണ്ട്.ഹോസ്റ്റലിൽ മദ്യപാനത്തിനും ലഹരി ഉപയോഗത്തിനുമായി പ്രത്യേകം ഇടം വരെ സജ്ജമാക്കിയിരുന്നു. നാലുകെട്ടായി നിർമ്മിച്ചിരിക്കുന്ന ഹോസ്റ്റലിന്റെ നടുമുറ്റത്താണ് മർദ്ദനവും വിചാരണയും നടക്കുന്നത്.