വയനാട്: പൂക്കോട് വെറ്റിനറി കോളജിൽ മരണപ്പെട്ട സിദ്ധാർത്ഥിനെ നിലത്തെ മലിന ജലം കുടിപ്പിച്ചതായി മൊഴി നൽകി വിദ്യാർത്ഥികൾ. ഭക്ഷണവും കുടിവെള്ളവും നൽകാതെ 3 ദിവസം മർദിച്ചു.പ്രതികളെ ഭയന്നാണ് മർദ്ദന വിവരം പുറത്ത് പറയാത്തതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.ഹോസ്റ്റൽ സമാന്തര കോടതിയാണെന്നും കോളജ് യൂണിയൻ അംഗങ്ങളാണ് എല്ലാത്തിനും തീർപ്പ് കൽപ്പിക്കുന്നതെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി.
അതെസമയം സിദ്ധാർത്ഥന്റെ മരണത്തിൽ പൊലീസ് 4 പ്രതികൾക്കായി ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി.സൗദ് റിഷാൽ, കാശിനാഥൻ, അജയ് കുമാർ, സിൻജോ ജോൺസൺ എന്നിവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്.നാലുപേരും ആദ്യ പ്രതിപ്പട്ടികയിൽ ഉള്ളവരാണ്. ഒളിവിൽ കഴിയുന്ന പ്രതി സിൻജോ ജോൺസണെ അന്വേഷിച്ച് പോലീസ് കൊല്ലത്തെത്തി.സിൻജോ സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കേസിൽ 12 വിദ്യാർത്ഥികൾക്കെതിരെ കൂടി നടപടിയുണ്ടാകും.അതെസമയം 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും കഴിയില്ല.പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം.മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്ത മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയിട്ടുണ്ട്. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.
ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെയും ശിക്ഷ നടപടിയുണ്ടാകും.ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് നടപടി. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.