മാനന്തവാടി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തില്‍ ഒന്നാം പ്രതി സിന്‍ജോ ജോണ്‍സണുമായി പൊലീസ് ഹോസ്റ്റലില്‍ തെളിവെടുപ്പ് നടത്തി.
ഹോസ്റ്റലിലെ 21-ാം നമ്പര്‍ മുറിയിലും നടുമുറ്റത്തും തെളിവെടുപ്പ് നടന്നു. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തിയ സ്ഥലത്ത് സിന്‍ജോയെ എത്തിച്ച് മര്‍ദനത്തിന് ഉപയോഗിച്ച ഗ്ലൂഗണ്‍ കണ്ടെത്തി.
പൂക്കോട് വെറ്ററിനറി മെന്‍സ് ഹോസ്റ്റലില്‍ നടന്ന ആള്‍ക്കൂട്ട വിചാരണയില്‍ സിദ്ധാര്‍ഥനെ ക്രൂരമായി മര്‍ദിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. സിദ്ധാര്‍ഥനെതിരെ പെണ്‍കുട്ടി നല്‍കിയ പരാതി ഒത്തുതീര്‍പ്പാക്കാനാണ് എറണാകുളത്തുനിന്നും വിളിച്ചുവരുത്തിയത്.
നിയമനടപടിയുമായി മുന്നോട്ടുപോയാല്‍ പൊലീസ് കേസാകുമെന്നു ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തിയ ശേഷമാണ് ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് ക്യാംപസിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുപോയി ബെല്‍റ്റ്, കേബിള്‍ എന്നിവ ഉപയോഗിച്ചു മര്‍ദിക്കുകയും തൊഴിക്കുകയും ചെയ്തു. മര്‍ദന സമയത്ത് അടിവസ്ത്രം മാത്രമാണു ധരിപ്പിച്ചത്.
രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ മര്‍ദനം തുടര്‍ന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി 18 നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.