ന്യൂഡൽഹി: ചികിത്സയ്‌ക്കായി ഇന്ത്യൻ ഡോർണിയർ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടർന്ന് മാലിദ്വീപിൽ 14കാരൻ മരിച്ചു.ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിർമ്മിച്ച ഒരു വിമാനം ഇന്ത്യ മാലിദ്വീപിന് കൈമാറിയിരുന്നു. ചികിത്സയ്ക്കുൾപ്പെടെയുള്ള അടിയന്തര ഘട്ടങ്ങളിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഇന്ത്യയുടെ ഈ വിമാനം ഉപയോഗിച്ചിരുന്നത്.
ബ്രെയിൻ ട്യൂമർ ബാധിച്ച 14കാരനാണ് അടിയന്തര ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്.വിൽമിംഗ്ടണിൽ നിന്ന് മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിലേക്ക് കുട്ടിയെ മാറ്റുന്നതിനായി കുടുംബം എയർ ആംബുലൻസ് സൗകര്യം ആവശ്യപ്പെട്ടിരുന്നു. മസ്തിഷ്‌കാഘാതം ഉണ്ടായതിന് പിന്നാലെയാണ് അടിയന്തര ഇടപെടൽ തേടിയത്. എന്നാൽ എയർ ആംബുലൻസിന് അനുമതി തേടി 16 മണിക്കൂർ കഴിഞ്ഞിട്ടും മറുപടി നൽകാൻ വ്യോമയാന അധികൃതർ തയ്യാറായിരുന്നില്ല.
പിന്നീട് മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ മാലെയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മരണത്തിന് പിന്നാലെ വൻ പ്രതിഷേധം നടന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിന് അനുമതി നൽകിയതിലെ കാലതാമസമാണ് കുട്ടിയുടെ ജീവൻ നഷ്ടമാകാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ നിരവധി പേർ മുഹമ്മദ് മുയിസുവിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയോടുള്ള പ്രസിഡന്റിന്റെ വിരോധം തീർക്കാൻ ഈ നാട്ടിലെ ജനങ്ങൾ അവരുടെ ജീവൻ പണയപ്പെടുത്തേണ്ടതുണ്ടോ എന്നാണ് മാലിദ്വീപ് എംപി മീകെയ് നസീമിന്റെ വിമർശനം.