കണ്ണൂർ: കേരള ഗവ.നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) നടത്തിയ കലക്ടറേറ്റ് ധർണയ്ക്കിടെ ടൗൺ എസ്ഐ പി.പി.ഷമീൽ തന്നെ അപമാനിച്ചെന്ന കല്യാശേരി എംഎൽഎ എം.വിജിന്റെ പരാതിക്കു പിന്നാലെ വിശദീകരണവുമായി എസ്ഐ.നഴ്സിങ് അസോസിയേഷൻ ഭാരവാഹിയാണെന്നാണ് കരുതിയതെന്നും എംഎൽഎ ആണെന്നു മനസ്സിലാകാതെയാണ് പ്രതികരിച്ചതെന്നും എസ്ഐ ഷമീൽ പറഞ്ഞു.
അതെസമയം മൈക്ക് പിടിച്ചുവാങ്ങിയതു കലക്ടറേറ്റ് വളപ്പിൽ വിലക്കുള്ളതിനാലാണെന്നും എസ്ഐ വിശദീകരിച്ചു.വിജിന്റെ പരാതി അന്വേഷിക്കുന്ന എസിപി ടി.കെ.രത്നകുമാറിനോടാണ് എസ്ഐയുടെ വിശദീകരണം.എസ്ഐ സുരക്ഷാവീഴ്ച മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നും നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് എംഎൽഎ.
വ്യാഴാഴ്ചയാണ് സംഭവം നടന്നത്.കെജിഎൻഎയുടെ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എംഎൽഎ എം.വിജിൻ.എന്നാൽ കലക്ടറേറ്റിനുള്ളിലേയ്ക്കുള്ള ധർണ പൊലീസ് തടഞ്ഞു.ഇതോടെയാണ് എൽഎയും ടൗൺ എസ്ഐ പി.പി.ഷമീലും തമ്മിൽ വാക്കേറ്റമുണ്ടായത്.
ഇത് പിന്നീട് വൻതോതിൽ വിവാദമായിരുന്നു. എംഎൽഎയുടെ പരാതിയിൽ സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാറാണ് എസിപിയെ അന്വേഷണത്തിനു നിയോഗിച്ചത്. സംഭവത്തിൽ ഡിജിപി കമ്മിഷണറോടു റിപ്പോർട്ട് തേടിയിട്ടുണ്ട്.