ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിൽ.ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഹസീനയുടെ അവാമി ലീഗ് മൂന്നിൽ രണ്ടിലേറെ സീറ്റുകൾ നേടിയാണ് തുടർച്ചയായ നാലാം തവണ അധികാരത്തിലെത്തിയത്.പ്രതിപക്ഷം ആഹ്വാനം ചെയ്ത പണിമുടക്കിനും ബഹിഷ്‍കരണത്തിനുമിടെ നടന്ന തിരഞ്ഞെടുപ്പിലാണ് ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലെത്തിയത്.
കനത്ത സുരക്ഷയിൽ മൊത്തം 299 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. സ്ഥാനാർഥിയുടെ മരണം കാരണം ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവെച്ചു. 436 സ്വതന്ത്രർക്ക് പുറമെ 27 രാഷ്ട്രീയപാർട്ടികളിൽനിന്നായി 1500ലേറെ സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
തെരഞ്ഞെടുപ്പിൽ 40 ശതമാനം മാത്രം പേരാണ് വോട്ടു ചെയ്തത്.300 അംഗ പാർലമെന്റിൽ അവാമി ലീഗ് 222 സീറ്റുകളിൽ വിജയിച്ചു.പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി) വോട്ടെടുപ്പ് ബഹിഷ്‍കരിച്ചിരുന്നു.
അതെസമയം 63 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർഥികളാണ് വിജയിച്ചത്. ലോകത്തിന് മുന്നിൽ തെരഞ്ഞെടുപ്പിന് മത്സര സ്വഭാവം കാണിക്കാൻ അവാമി ലീഗ് തന്നെ നിർത്തിയ ഡമ്മി സ്ഥാനാർഥികളാണ് സ്വതന്ത്രരെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.
ഗോപാൽഗഞ്ച്-3 മണ്ഡലത്തിൽനിന്ന് ഹസീന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 76കാരിയായ ഹസീന 2,49,965 വോട്ട് നേടിയപ്പോൾ പ്രധാന എതിരാളിയായ ബംഗ്ലാദേശ് സുപ്രീം പാർട്ടിയിലെ എം. നിസാമുദ്ദീൻ ലഷ്‍കറിന് 469 വോട്ട് മാത്രമാണ് സ്വന്തമാക്കാനായത്.
ഗോപാൽഗഞ്ച് ഡെപ്യൂട്ടി കമീഷണറും റിട്ടേണിങ് ഓഫിസറുമായ കാസി മഹ്ബൂബുൽ ആലം ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു.1986 മുതൽ എട്ടാം തവണയാണ് ഷെയ്ഖ് ഹസീന ഗോപാൽഗഞ്ച് -3 മണ്ഡലത്തിൽനിന്ന് വിജയിക്കുന്നത്.
പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബി.എൻ.പി) നേതൃത്വത്തിൽ വോട്ടെടുപ്പ് ബഹിഷ്‍കരിക്കണമെന്ന് ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത 48 മണിക്കൂർ നീണ്ട പണിമുടക്ക് ശനിയാഴ്ച രാവിലെ ആറോടെയാണ് ആരംഭിച്ചത്. അഴിമതിക്കേസിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയയും തെരഞ്ഞെടുപ്പ് ബഹിഷ്‍കരിച്ചിരുന്നു.