ന്യൂഡൽഹി: വ്യവസായി ഗൗതം അദാനിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാറിനോട് ചോദിക്കാത്തത് 'ശരദ് പവാർ ഇന്ത്യയുടെ പ്രധാനമന്ത്രിയല്ല' എന്നതിനാലാണ് എന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി മോദി അദാനിയെ സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ഇന്തോനേഷ്യയിൽ നിന്നാണ് അദാനി കൽക്കരി വാങ്ങുന്നതെന്നും ഇന്ത്യയിലെത്തുമ്പോൾ അതിന്റെ വില ഇരട്ടിയാണെന്ന ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരദ് പവാർ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുകയും അദാനിയെ സംരക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ, താൻ ഈ ചോദ്യം ശരദ് പവാറിനോട് ചോദിക്കുമായിരുന്നെന്ന് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി രാഹുൽ ഗാന്ധി പറഞ്ഞു.
അടുത്തിടെ ഗുജറാത്തിൽ പ്ലാന്റിന്റെ ഉദ്ഘാടന വേളയിൽ ശരദ് പവാർ ഗൗതം അദാനിയെ കണ്ടിരുന്നു. ശരദ് പവാറിന് അദാനിയുമായുള്ള അടുപ്പം അദാനി ഇടപാടുകളിൽ അന്വേഷണം വേണമെന്ന ഇന്ത്യാസഖ്യത്തിന്റെ ആവശ്യത്തിന് തിരിച്ചടിയായിട്ടുണ്ട്. അദാനി വിഷയത്തിൽ രാഹുൽ ഗാന്ധി ശരദ് പവാറുമായി സംസാരിച്ചോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. ശരദ് പവാർ അദാനിയെ കണ്ടതിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി അല്ലാത്തതിനാൽ ശരദ് പവാർ ഉത്തരവാദിയല്ലെന്നും കൂട്ടിച്ചേർത്തു.
അദാനി കാരണം രാജ്യത്ത് വൈദ്യുതി വില ഉയരുന്നു. "നിങ്ങളുടെ ഫാനോ ലൈറ്റോ ഓണാക്കുമ്പോൾ ഇത് ഓർക്കുക, നിങ്ങളുടെ പണം അമിതവിലയിലൂടെ അദാനിയുടെ പോക്കറ്റിലേക്ക് പോകുന്നു. ഓരോ യൂണിറ്റിനും നിങ്ങൾ കൂടുതൽ പണം നൽകുന്നു. 32,000 കോടി രൂപ എന്ന് ഓർക്കുക. ഈ തുക ഇനിയും ഉയരും," രാഹുൽ ഗാന്ധി പറഞ്ഞു .