'സപ്ലൈകോയെ തകർക്കുന്നത് ഭരണപക്ഷത്ത് മുൻ നിരയിലുള്ളവർ, കേരളത്തില്‍ വിലക്കുറവ് മുഖ്യമന്ത്രിക്കുമാത്രം': ഷാഫി പറമ്പിൽ

അവശ്യ സാധനമില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനെ കഴിഞ്ഞ സമ്മേളനത്തിൽ വെല്ലുവിളിച്ചയാളാണ് മന്ത്രി. ഇപ്പോൾ മന്ത്രി തന്നെ അവശ്യസാധനം ഇല്ലെന്ന് പറയുന്നുവെന്ന് ഷാഫി കുറ്റപ്പെടുത്തി

author-image
Greeshma Rakesh
New Update
'സപ്ലൈകോയെ തകർക്കുന്നത് ഭരണപക്ഷത്ത് മുൻ നിരയിലുള്ളവർ, കേരളത്തില്‍ വിലക്കുറവ് മുഖ്യമന്ത്രിക്കുമാത്രം': ഷാഫി പറമ്പിൽ

 

തിരുവനന്തപുരം: സപ്ലൈകോയെ തകർക്കുന്നത് ഭരണപക്ഷത്തെ മുൻ നിരയിലുള്ളവരെന്ന് ഷാഫി പറമ്പിൽ എം.എൽ.എ.നിയമസഭയിൽ സപ്ലൈകോയിൽ സപ്ലൈകോയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന ഭക്ഷ്യമന്ത്രി ജി.ആർ അനിലിന്റെ വാക്കുകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സപ്ലൈകോയെ തകര്‍ക്കാന്‍ പ്രതിപക്ഷമല്ല ശ്രമിക്കുന്നത്.അത് മുന്‍നിരയിലുള്ള ചിലരാണെന്ന് പറയാന്‍ മന്ത്രിക്ക് പരിമിതി ഉണ്ടാകും. പണംതരാത്ത ധനവകുപ്പിനെ ചോദ്യംചെയ്യാന്‍ മന്ത്രി പ്രതിപക്ഷത്തിനൊപ്പം നില്‍ക്കണം. കേരളത്തില്‍ വിലക്കുറവ് ഉണ്ടാകുന്നത് മുഖ്യമന്ത്രിക്കുമാത്രമെന്നും ഷാഫി പറഞ്ഞു.

അവശ്യ സാധനമില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിനെ കഴിഞ്ഞ സമ്മേളനത്തിൽ വെല്ലുവിളിച്ചയാളാണ് മന്ത്രി. ഇപ്പോൾ മന്ത്രി തന്നെ അവശ്യസാധനം ഇല്ലെന്ന് പറയുന്നുവെന്ന് ഷാഫി കുറ്റപ്പെടുത്തി.പ്രതിപക്ഷം ഓരോ കാര്യങ്ങൾ എഴുതി നൽകുന്നത് കയ്യക്ഷരം നന്നാക്കാനല്ല.സപ്ലൈകോയെ തകർക്കരുതെന്ന് പ്രതിപക്ഷത്തോടല്ല മന്ത്രി പറയേണ്ടതെന്നും ഒപ്പമിരിക്കുന്നവരോടാണെന്നും ഷാഫി പറമ്പിൽ തിരിച്ചടിച്ചു.

ബജറ്റിൽ തുക പോരാ എന്ന് ഭക്ഷ്യ മന്ത്രിയുടെ ഭാര്യ വരെ പരാതിപ്പെട്ടുവെന്നാണ് വാർത്തകൾ.സിപിഐയുടെ കൗൺസിലിലിരിക്കുന്ന സ്വന്തം ഭാര്യയെ പോലും വിശ്വാസത്തിലെടുക്കാൻ മന്ത്രിക്ക് കഴിഞ്ഞില്ലെന്നും ഷാഫി പരിഹസിച്ചു.

അതെസമയം സബ്‌സിഡി സാധനങ്ങൾക്കാണ് കുറവുണ്ടായതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നിയമസഭയിൽ പറഞ്ഞു. സപ്ലൈകോയെ സംരക്ഷിക്കുമെന്നും നിലവിലെ പ്രതിസന്ധി താത്കാലികമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും സബ്സിഡി സാധനങ്ങളുടെ ലഭ്യതയില്‍ മാത്രമാണ് പ്രയാസമുള്ളത്. ചില്ലറവില്‍പന മേഖലകളിലേക്ക് കുത്തകകള്‍ കടന്നുവരുന്നു. സപ്ലൈകോയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

വിലക്കയറ്റം തടയാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ജനങ്ങൾക്ക് അറിയാമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഷാഫി പറമ്പിൽ. സഭ നിർത്തിവച്ച് സപ്ലൈകോ പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

pinarayi vijayan g r anil SupplyCo niyamasabha Shafi parambil supplyco crisis