മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ; വെടിവെപ്പില്‍ 7 പേര്‍ക്ക് പരിക്ക്

മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി തുടരുന്നു. സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിനിടെ വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു.

author-image
Web Desk
New Update
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷാവസ്ഥ; വെടിവെപ്പില്‍ 7 പേര്‍ക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി തുടരുന്നു. സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിനിടെ വെടിവെപ്പില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താന്‍ അടിയന്തര നടപടി വേണമെന്ന് കരസേന ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഇംഫാലില്‍ ആയുധം കൊളളയടിക്കാന്‍ ശ്രമം നടന്നിരുന്നു. രാജ്ഭവന് സമീപമുള്ള ഐആര്‍ബി ക്യാംപിലേക്ക് ആള്‍ക്കൂട്ടം ഇരച്ചു കയറി. ജനക്കൂട്ടത്തിന് നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇംഫാലില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ക്യാംങ്‌പോപി ജില്ലയിലാണ് കുക്കി സംഘടന 48 മണിക്കൂര്‍ ബന്ദ് നടത്തിയത്.

കൂടാതെ മണിപ്പൂരിലെ മൊറേയില്‍ പൊലീസുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ പുതുതായി നിര്‍മ്മിച്ച ഹെലിപാഡ് പരിശോധിക്കുന്നതിനിടെയാണ് ചിങ് തം ആനന്ദ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ കുക്കി സായുധ സംഘമാണെന്നാണ് പ്രാഥമിക വിവരം.

മോറെ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറാണ് (എസ് ഡി പി ഒ) ചിങ് തം ആനന്ദ്. ഓഫീസറുടെ വയറ്റിലൂടെ വെടിയുണ്ട തുളച്ച് കയറുകയായിരുന്നു. പരിക്കേറ്റ എസ് ഡി പി ഒയെ മോറെയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.

Latest News newsupdate manipur manipur conflict