ലോക്‌സഭയില്‍ സംഭവിച്ചത്; പിന്നില്‍ അധ്യാപിക ഉള്‍പ്പെടെ ആറു പേര്‍

പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനത്തില്‍ ലോകസഭ നടപടികള്‍ തുടരവെ പാര്‍ലമെന്റില്‍ ആക്രമണം. കളര്‍ പുക സ്പ്രേയുമായായി സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയിലേക്ക് ചാടിയ രണ്ട് പേരാണ് സഭയില്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സഭയിലേക്ക് ചാടിയ രണ്ട് പേരെയും ലോകസഭാംഗങ്ങള്‍ കീഴ്‌പ്പെടുത്തി സുരക്ഷാസേനയെ ഏല്പിച്ചു.

author-image
Web Desk
New Update
ലോക്‌സഭയില്‍ സംഭവിച്ചത്; പിന്നില്‍ അധ്യാപിക ഉള്‍പ്പെടെ ആറു പേര്‍

 

കെ.പി.രാജീവന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷിക ദിനത്തില്‍ ലോകസഭ നടപടികള്‍ തുടരവെ പാര്‍ലമെന്റില്‍ ആക്രമണം. കളര്‍ പുക സ്പ്രേയുമായായി സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയിലേക്ക് ചാടിയ രണ്ട് പേരാണ് സഭയില്‍ പ്രതിഷേധിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സഭയിലേക്ക് ചാടിയ രണ്ട് പേരെയും ലോകസഭാംഗങ്ങള്‍ കീഴ്‌പ്പെടുത്തി സുരക്ഷാസേനയെ ഏല്പിച്ചു.

ഗാലറിയില്‍ നിന്നും സാഗര്‍ ശര്‍മ്മയെന്ന യുവാവ് ചാടിയപ്പോള്‍ വീണതാണെന്നാണ് കരുതിയതെന്ന് സംഭവം നടക്കുമ്പോള്‍ സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന ബി.ജെ.പി എം.പി രാജേന്ദ്ര അഗര്‍വാള്‍ പറഞ്ഞു. ഈ സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടാകും. അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭ പുനരാരംഭിച്ചപ്പോള്‍ സ്പീക്കര്‍ ഓം ബിര്‍ള സഭയെ അറിയിച്ചു.

ലോകസഭയില്‍ സംഭവിച്ചത്

ബുധനാഴ്ച ഉച്ച തിരിഞ്ഞ് ലോകസഭയിലെ സിറോ അവര്‍ സെഷന്‍ നടക്കുന്നതിനിടെയാണ് സാഗര്‍ ശര്‍മ്മയെന്ന യുവാവ് സന്ദര്‍ശക ഗാലറിയില്‍ നിന്നും സഭയിലേക്ക് ചാടിയത്. ഇയാളോടൊപ്പം സന്ദര്‍ശക ഗാലറിയില്‍ ഉണ്ടായിരുന്ന മനോരഞ്ജന്‍ ഗാലറിയില്‍ തന്നെ ഇരുന്നു. മഞ്ഞ പുക പുറത്ത് വിട്ട് കൊണ്ട് സാഗര്‍ ശര്‍മ്മ സഭയിലെ മേശകള്‍ക്ക് മുകളിലൂടെ ചാടി സ്പീക്കറുടെ ചേമ്പറിന് മുന്നിലേയ്ക്ക് വരികയുമായിരുന്നു. ഇയാള്‍ ഷൂവിനടിയില്‍ നിന്നാണ് പുക സ്‌പ്രേ ചെയ്യുന്ന ഉപകരണം പുറത്തെടുത്തത്. ഇയാളുടെ ലക്ഷ്യം സ്പീക്കറുടെ കസേരയായിരുന്നുവെന്നാണ് കരുതുന്നത്. ഈ സമയത്താണ് മനോരഞ്ജന്‍ ഗാലറിയില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള പുക സ്‌പ്രേ ചെയ്തത്. സഭയില്‍ ഇത് അല്പനേരത്തേക്ക് പരിഭ്രാന്തിയുടെ നിമിഷങ്ങള്‍ സൃഷ്ടിച്ചു.

മേശമേല്‍ ചാടി വന്നിരുന്ന സാഗര്‍ ശര്‍മ്മയെ എം.പിമാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയും ഓടിയെത്തിയ സുരക്ഷ ഉദ്യോഗസ്ഥരെ ഏല്ലാക്കുകയും ചെയ്തു. ഗാലറിയില്‍ മാറി നിന്ന മനോരഞ്ജനെയും സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തി. ഇതേസമയത്ത് പാര്‍ലമെന്റിന് പുറത്ത് ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ നീലം ദേവിയെന്ന യുവതിയും അമോല്‍ ഷിന്‍ഡെയെന്ന യുവാവും പുക സ്‌പ്രേയുമായി പ്രതിഷേധിച്ചു. എല്ലാവരും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു. അപ്പോള്‍ കസ്റ്റഡിയിലെടുത്ത നാല് പേരെയും പാര്‍ലമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് ഗുഡ്ഗാവിലെ വിക്കി ശര്‍മ്മയെയും ലളിത് ഝായെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഐ.ബി ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയാണ്.

സന്ദര്‍ശക ഗാലറിയില്‍ രണ്ട് മണിക്കൂര്‍

അക്രമികളായ സാഗര്‍ ശര്‍മ്മയും മനോരഞ്ജനും ലോകസഭയുടെ സന്ദര്‍ശക ഗാലറിയില്‍ ചെലവഴിച്ചത്

രണ്ട് മണിക്കൂര്‍ നേരം. എന്നാല്‍ ഇരുവര്‍ക്കും 45 മിനിട്ട് നേരം മാത്രമാണ് പാസ് അനുവദിച്ചത്. സാധാരണ നിലയില്‍ സമയം കഴിഞ്ഞും ഗാലറിയില്‍ ഇരിക്കുന്ന സന്ദര്‍ശകരെ സുരക്ഷ ഉദ്യോഗസ്ഥര്‍ പുറത്താക്കാറുണ്ട്. ബുധനാഴ്ച സംഭവിച്ചത് ഗുരുതര സുരക്ഷ വീഴ്ച്ചയാണ്. സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണക്കുറവാണ് ഇതിന് കാരണമെന്നാണ് ആരോപണം. 301 സുരക്ഷ ഉദ്യോഗസ്ഥര്‍ വേണ്ട സ്ഥാനത്ത് 176 പേര്‍ മാത്രമാണ് നിലവിലുള്ളത്.

സംഭവത്തിന് പിന്നില്‍ 6 പേര്‍

ഇന്നലെ പാര്‍ലമെന്റില്‍ നടന്ന ആക്രമണത്തിന്റെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും ആറ് പേര്‍ ഉള്‍പ്പെട്ടതായി പൊലീസ്. ലോകസഭയ്ക്കുള്ളില്‍ രണ്ട് പേരാണ്. സാഗര്‍ ശര്‍മ്മ, ഡി. മനോരഞ്ജന്‍ എന്നിവരാണ് സന്ദര്‍ശക ഗാലറിയില്‍ നിന്ന് ലോകസഭ ഹാളിലേക്ക് ചാടിയത്. നീലം ദേവി, അമോല്‍ ഷിന്‍ഡെ എന്നിവര്‍ പാര്‍ലമെന്റിന് പുറത്ത് ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ പ്രതിഷേധിച്ചു. ഇരുവരും ചേര്‍ന്ന് ചുവപ്പും മഞ്ഞയും നിറത്തിലുള്ള പുക സ്‌പ്രേ ചെയ്യുകയായിരുന്നു. ലളിത് ഝ എന്ന അഞ്ചാമന്റെ ഗുഡ്ഗാവിലെ വീട്ടില്‍ ഒരുമിച്ച ശേഷമായിരുന്നു പാര്‍ലമെന്റിലെ ആക്രമണം. ഗുഡ്ഗാവ് സ്വദേശിയായ വിക്കി ശര്‍മ്മയാണ് മറ്റൊരാള്‍ ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലോകസഭയ്ക്കുള്ളില്‍ പ്രതിഷേധിച്ച രണ്ട് പേരില്‍ ഒരാളായ സാഗര്‍ ശര്‍മ്മ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നിന്നും ഡി.മനോരഞ്ജന്‍ കര്‍ണ്ണാടകയിലെ മൈസൂരില്‍ നിന്നുമാണെന്ന് പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള അമോല്‍ ഷിന്‍ഡെ, ഹരിയാനയിലെ ഹിസാറില്‍ നിന്നുള്ള നീലം ദേവി എന്നിവരാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചത്. അദ്ധ്യാപികയായ നീലം ദേവി സിവില്‍ സര്‍വ്വീസ് പ്രവേശനത്തിനായി പരിശീലനം നടത്തുകയാണ്.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരായ പ്രതിക്ഷേധത്തില്‍ നീലം സജീവമായി പങ്കെടുത്തിരുന്നുവെന്ന് അവരുടെ സഹോദരന്‍ രാം നിവാസ് പറഞ്ഞു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അവള്‍ക്ക് ബന്ധമില്ല. എന്തിനാണ് അവള്‍ അങ്ങനെ ചെയ്തതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. രണ്ട് ദിവസം മുമ്പാണ് അവള്‍ വീട്ടില്‍ നിന്ന് പോയത്. അദ്ദേഹം പറഞ്ഞു.

എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായിട്ടില്ലെന്ന് നീലത്തിന്റെ അമ്മ സരസ്വതി പറഞ്ഞു. രാവിലെയും ഞാന്‍ അവളോട് സംസാരിച്ചതാണ്. ലോകസഭയിലെ സന്ദര്‍ശക ഗാലറിയില്‍ പ്രവേശിക്കുന്നതിന് സാഗര്‍ ശര്‍മ്മയ്ക്കും മനോരഞ്ജനും പ്രവേശന പാസ് നല്‍കിയത് ബി.ജെ.പി എം.പിയായ പ്രതാപ് സിംഹയുടെ ഓഫീസില്‍ നിന്നാണ്. അക്രമികള്‍ക്ക് പാസ് നല്‍കിയ നടപടി സംബന്ധിച്ച് തന്റെ നിലപാട് വിശദീകരിക്കാന്‍ ലോകസഭ സ്പീക്കര്‍ ഓം ബിര്‍ളയെ കാണുമെന്ന് മൈസൂരില്‍ നിന്നുള്ള എം.പിയായ പ്രതാപ് സിംഹ പറഞ്ഞു.

സന്ദര്‍ശക പാസ് നിര്‍ത്തി, ബോഡി സ്‌കാനര്‍ സ്ഥാപിക്കും

ബുധനാഴ്ച ലോകസഭ സന്ദര്‍ശക ഗാലറിയില്‍ നടന്ന ഗുരുതരമായ സുരക്ഷ വീഴ്ച്ചയ്ക്ക് ശേഷം ലോകസഭയില്‍ സന്ദര്‍ശക പാസ് നല്‍കുന്ന നടപടി തല്‍ക്കാലം നിര്‍ത്തി വെച്ചു. എം.പിമാര്‍ക്കും ജീവനക്കാര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും പ്രത്യേകം പ്രവേശന കവാടങ്ങളൊരുക്കും. സന്ദര്‍ശക ഗാലറി ഗ്ലാസ് കൊണ്ട് മൂടും. വിമാനത്താവളത്തിലേത് പോലെ ബോഡി സ്‌കാന്‍ മെഷീനുകള്‍ സ്ഥാപിക്കും. സഭയ്ക്കുള്ളിലെ സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. സ്പീക്കര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം. പാര്‍ലമെന്റിന്റെ സുരക്ഷ സംബന്ധിച്ച് പുന:പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

india politics national news BJP congress party lok sabha