ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ എന്‍സിപി സ്ഥാപക നേതാവ് ശരദ് പവാറിനു കനത്ത തിരിച്ചടി. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായി തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ചു. എംഎല്‍എമാരില്‍ ഭൂരിഭാഗവും അജിത് പവാറിനൊപ്പമാണ് എന്നതിനാലാണ് പാര്‍ട്ടിയുടെ പേരും ഔദ്യോഗിക ചിഹ്നവും അവര്‍ക്കു നല്‍കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനമെടുത്തത്.
പുതിയ പേരു സ്വീകരിക്കാന്‍ ശരദ് പവാര്‍ വിഭാഗത്തിന് തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. ഫെബ്രുവരി ഏഴാം തീയതി വൈകിട്ട് മൂന്നു മണിക്കുള്ളില്‍ പാര്‍ട്ടിയുടെ പുതിയ പേരും ചിഹ്‌നവും തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കണം. നിയമസഭയിലെ ഭൂരിപക്ഷമാണ് അജിത് പവാര്‍ വിഭാഗത്തെ ഔദ്യോഗിക പാര്‍ട്ടിയായ അംഗീകരിക്കാന്‍ കാരണമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ എക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേന-ബിജെപി സര്‍ക്കാരിന്റെ ഭാഗമായത്. പിന്നാലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ ചുമതലയേല്‍ക്കുകയും ചെയ്തിരുന്നു.
പിന്നീട് ശരദ് പവാറിനെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തുനിന്ന് അജിത് പുറത്താക്കി. തന്റെ പാര്‍ട്ടിയാണ് യഥാര്‍ഥ എന്‍സിപിയെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷന് ശരദ് പവാര്‍ കത്തയയ്ക്കുകയും ചെയ്തു.