മുംബൈ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട്, വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച ഡൽഹി സർവകലാശാല മുൻ പ്രഫ. ജി.എൻ. സായിബാബ ജയിൽ മോചിതനായി.കേസിൽ കഴിഞ്ഞദിവസം ബോംബെ ഹൈകോടതി നാഗ്പുർ ബെഞ്ച് സായിബാബയെ കുറ്റമുക്തനാക്കിയിരുന്നു.വിധിവന്ന് രണ്ടുദിവസത്തിന് ശേഷമാണ് നാഗ്പൂർ സെൻട്രൽ ജയിലിൽനിന്ന് അദ്ദേഹത്തെ പുറത്തുവിട്ടത്.
സായ്ബാബയ്‌ക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ട മറ്റ് അഞ്ചു പ്രതികളുടെ അപ്പീലുകളും ഹൈക്കോടതി അനുവദിച്ചു. ജസ്റ്റീസുമാരായ വിനയ് ജി. ജോഷി, വാല്‍മീകി എസ്.എ. മെനേസസ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.അപ്പീൽ സാധ്യതയുള്ളതിനാൽ 50,000 രൂപ കെട്ടിവെക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഈ തുക കെട്ടിവെച്ചിട്ടും അദ്ദേഹത്തിന്റെ മോചനം ജയിൽ അധികൃതർ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇതു സംബന്ധിച്ച ഇ-മെയിൽ സായിബാബയെ പാർപ്പിച്ച നാഗ്പുർ സെൻട്രൽ ജയിലിൽ കിട്ടിയിട്ടില്ലെന്ന് പറഞ്ഞാണ് മോചനം വൈകിപ്പിച്ചത്.
‘എന്റെ ആരോഗ്യം വളരെ മോശമാണ്. ഇപ്പോൾ എനിക്ക് സംസാരിക്കാൻ കഴിയില്ല. ആദ്യം ചികിത്സ തേടണം. അതിനുശേഷമേ സംസാരിക്കാനാവൂ’ -വീൽചെയറിൽ ജയിലിൽനിന്ന് പുറത്തുവന്ന സായിബാബ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ജയിലിന് പുറത്ത് അദ്ദേഹത്തെ കാത്ത് കുടുംബാംഗങ്ങളും സഹപ്രവർത്തകരും നിൽക്കുന്നുണ്ടായിരുന്നു.2014-ൽ ഡല്‍ഹി സര്‍വകലാശാലയ്ക്കു കീഴിലെ രാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരിക്കെയാണു മഹാരാഷ്ട്ര പോലീസ് സായ്ബാബയെ അറസ്റ്റ് ചെയ്തത്.തുടർന്ന് 2016ൽ ജാമ്യം കിട്ടി. പിന്നീട് വീണ്ടും അറസ്റ്റിലായ അദ്ദേഹം 2017മുതൽ നാഗ്പൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു.
ഗഡ്ചിറോളിയിലെ പ്രത്യേക യു.എ.പി.എ കോടതി ജീവപര്യന്തം വിധിച്ച സായിബാബയടക്കം അഞ്ചുപേരെയും 10 വർഷം ശിക്ഷിച്ച ഒരാളെയും ചൊവ്വാഴ്ചയാണ് ബോംബെ ഹൈകോടതി ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാൽമികി എസ്.എ മെനെസെസ് എന്നിവർ വെറുതെ വിട്ടത്. അപ്പീൽ തീർപ്പാക്കുംവരെ വിധി സ്റ്റേ ചെയ്യണമെന്ന മഹാരാഷ്ട്ര സർക്കാർ നൽകിയ ഹരജി നാഗ്പുർ ബെഞ്ച് തള്ളിയിരുന്നു.ആരോപണങ്ങൾ തെളിയിക്കാനോ തെളിവുകൾ കണ്ടെത്താനോ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നും പ്രതികളിൽനിന്ന് തെളിവുകൾ ശേഖരിച്ചത് നിയമാനുസൃതമല്ലെന്നും അതുവഴി മുഴുവൻ വിചാരണയും അസാധുവാണെന്നും കോടതി പറഞ്ഞു.
മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിലെ കോടതിയാണ് 2017 ല്‍ സായ്ബാബയ്ക്കും ഡല്‍ഹി ജെഎന്‍യു വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് സാംഗ്ലിക്കര്‍, മഹേഷ് ടിര്‍ക്കി, പാണ്ഡു നരോതെ എന്നിവര്‍ക്കും ജീവപര്യന്തം തടവു വിധിച്ചത്. മറ്റൊരുപ്രതി വിജയ് ടിര്‍ക്കിക്ക് 10 വര്‍ഷം തടവും വിധിച്ചു. ഇവരിൽ പാണ്ഡു ഓഗസ്റ്റില്‍ അസുഖബാധിതനായി ജയിലില്‍ മരിച്ചു.
യുഎപിഎ നിയമത്തിലെ വ്യവസ്ഥ പാലിച്ചല്ല വിചാരണക്കോടതിയുടെ നടപടികളെന്നു വിലയിരുത്തി പ്രതികളെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് ഒക്‌ടോബര്‍ 2022ല്‍ വിട്ടയച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ മോചനം വൈകുകയായിരുന്നു. വിധി തടഞ്ഞ സുപ്രീംകോടതി വിഷയം വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
സായിബാബയും മറ്റുള്ളവരും സി.പി.ഐ (മാവോയിസ്റ്റ്), റെവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട് അംഗങ്ങളാണെന്നും ഒളിവിൽ കഴിയുന്ന മാവോവാദികൾക്കുള്ള സന്ദേശം പെൻഡ്രൈവിലാക്കി കൊടുത്തുവിട്ടെന്നുമാണ് കേസ്. രാജ്യത്തിനെതിരെ യുദ്ധം ചെയ്യലടക്കമുള്ള കുറ്റങ്ങൾക്ക് യു.എ.പി.എ ചുമത്തിയായിരുന്നു കേസ്.