ന്യൂഡല്‍ഹി: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം ഭരണവിരുദ്ധ വികാരത്തെക്കുറിച്ചും പാര്‍ട്ടിയിലെ അധികാരത്തിന് വേണ്ടി പാര്‍ട്ടിയിലുണ്ടാകുന്ന മത്സരത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്.
സിറ്റിംഗ് മണ്ഡലമായ ടോങ്കില്‍ നിന്നാണ് സച്ചിന്‍ ഇത്തവണയും മത്സരിക്കുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ കഴിഞ്ഞതെല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോകാണമെന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും നിര്‍ദേശം നല്‍കിയതായി സച്ചിന്‍ പൈലറ്റ് പറഞ്ഞു.
ഇന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യമാണ്. ആളുകള്‍ മറ്റൊരു വഴി നോക്കുകയാണ്. ആ വഴിയാണ് ഇന്ത്യ സഖ്യം. ഇന്ത്യ നന്നായി പ്രവര്‍ത്തിച്ചാല്‍ 2024 പൊതു തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നല്ല മുന്നേറ്റം കാഴ്ചവെയ്ക്കും.
രാജ്യത്തേയും സംസ്ഥാനത്തേയും രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റമുണ്ട്. രാജസ്ഥാനില്‍ ബിജെപി നിഷ്ഫലമാണ്. സഭയ്ക്കകത്തും പുറത്തും ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാകുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഞങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും ഇപ്പോള്‍ വോട്ടര്‍മാരെ ചേര്‍ത്ത് പിടിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന്, ഇന്ത്യയിലെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ ആവശ്യമാണ്. ബിജെപി വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. കാര്‍ഷിക മേഖല തകര്‍ച്ചയുടെ വക്കിലാണ്. ഇതോടെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അകലം വര്‍ധിക്കുന്നു. ആളുകള്‍ മറ്റൊരു വഴി തിരയുകയാണ്. ആ വഴി ഇന്ത്യന്‍ സഖ്യമാണ്.
എന്നാല്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കണമെങ്കില്‍ 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയിക്കണം. കോണ്‍ഗ്രസിന് വിജയിക്കണമെങ്കില്‍ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയിക്കണം. അതിനാല്‍ ഞങ്ങള്‍ക്ക് ഇവിടെ വലിയ ഉത്തരവാദിത്തമുണ്ട്, വ്യക്തിഗത ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും മാത്രമായി ചുരുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.