നിയമസഭാ തിരഞ്ഞെടുപ്പ്: സച്ചിന്‍ പൈലറ്റ് നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിച്ചു; ഭരണം നിലനിര്‍ത്താനുറച്ച് കോണ്‍ഗ്രസ്

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സച്ചിന്‍ പൈലറ്റ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിറ്റിംഗ് മണ്ഡലമായ ടോങ്കില്‍ നിന്നാണ് സച്ചിന്‍ ഇത്തവണയും മത്സരിക്കുന്നത്.

author-image
Web Desk
New Update
നിയമസഭാ തിരഞ്ഞെടുപ്പ്: സച്ചിന്‍ പൈലറ്റ് നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിച്ചു; ഭരണം നിലനിര്‍ത്താനുറച്ച് കോണ്‍ഗ്രസ്

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സച്ചിന്‍ പൈലറ്റ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിറ്റിംഗ് മണ്ഡലമായ ടോങ്കില്‍ നിന്നാണ് സച്ചിന്‍ ഇത്തവണയും മത്സരിക്കുന്നത്. പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് സച്ചിന്‍ പൈലറ്റ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഒന്നിച്ച് പോകണമെന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ആവശ്യപ്പെട്ടുവെന്നും സച്ചിന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം പ്രതികരിച്ചു. കഴിഞ്ഞതെല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോകണമെന്ന് അവര്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അതേസമയം സംസ്ഥാനത്ത് ഭരണം നിലനിര്‍ത്താനുള്ള തീവ്ര പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇടഞ്ഞു നിന്നിരുന്ന മുഖ്യമന്ത്രി ഗെലോട്ടും സച്ചിനും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പ്രശ്‌നമില്ലാതെ മുന്നോട്ട് പോകുന്നത് കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ഏഴ് വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നത്. 1.05 കോടി കുടുംബങ്ങള്‍ക്ക് 500 രൂപ നിരക്കില്‍ പാചക വാതക സിലിണ്ടറുകള്‍, ഒരു കുടുംബത്തിലെ സ്ത്രീക്ക് ഗഡുക്കളായി 10,000 രൂപ വാര്‍ഷിക ഓണറേറിയം, ഒന്നാം വര്‍ഷ സര്‍ക്കാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ് ടാബ്ലെറ്റ്, പഴയ പെന്‍ഷന്‍ പദ്ധതി (ഒ പി എസ്) നടപ്പാക്കും, വിള നഷ്ടത്തിന് 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങി വമ്പന്‍ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് നടത്തിയിരിക്കുന്നത്.

രാജസ്ഥാന്‍ നിയമസഭയിലെ 200 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 25 നാണ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ അധികാരം തിരിച്ചുപിടിക്കാന്‍ ബി ജെ പിയും ശ്രമിക്കുന്നുണ്ട്.

 

Rajasthan Latest News national news sachin pilot assembly elections