പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എത്തിയ 103 വയസുള്ള മധുര സ്വദേശി ഷണ്‍മുഖ അമ്മാളിന് അയ്യനെ കണ്‍കുളിര്‍ക്കെ കാണാന്‍ സഹായിയായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ചൊവ്വാഴ്ച പകല്‍ പന്ത്രണ്ടോടെ സന്നിധാനത്തു നിന്ന് മടങ്ങാനൊരുങ്ങി തന്ത്രിയെ കണ്ടിറങ്ങിയപ്പോഴാണ് കൂട്ടം തെറ്റി നില്‍ക്കുന്ന ഷണ്‍മുഖ അമ്മാള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ഇവര്‍ക്ക് ദര്‍ശനത്തിന് പ്രത്യേക സൗകര്യം ചെയ്ത് നല്‍കി. പിന്നീട് ബന്ധുക്കള്‍ വരുന്നതു വരെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിനടുത്ത് ഇരുത്തി. പിന്നീട് പൊലീസ് ബന്ധുക്കളെ കണ്ടെത്തി അമ്മാളിനെ ബന്ധുക്കളെ ഏല്‍പ്പിച്ചു.
മ:കരവിളക്കിന് ശേഷവും സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം തുടരുന്നു. തിരുവാഭരണങ്ങള്‍ അണിഞ്ഞുള്ള ദര്‍ശനം ജനുവരി 18 വരെ ഉണ്ടാവും. ഞായറാഴ്ച പകല്‍ പമ്പയില്‍ നിലയുറപ്പിച്ച ഭക്തര്‍ അന്ന് രാത്രിയിലും തിങ്കള്‍ പുലര്‍ച്ചെയുമായി മലകയറിയെത്തിയത് മകരജ്യോതി ദര്‍ശനത്തിന് ശേഷവും സന്നിധാനത്ത് ഭക്തരുടെ തിരക്ക് തുടരാന്‍ കാരണമായി. ആന്ധ്ര, കര്‍ണാടക, തമിഴ്നാട്, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തരാണ് ദര്‍ശനം നടത്തി മടങ്ങുന്നവരില്‍ അധികവും.
മകരവിളക്ക് ദര്‍ശനം കഴിഞ്ഞ ഉടന്‍ സാന്നിധാനത്തു നിന്നുള്ള ഭക്തരുടെ മടക്കയാത്ര ആരംഭിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പെ എത്തി പര്‍ണശാലകള്‍ തീര്‍ത്ത് മകരജ്യോതി ദര്‍ശനത്തിനായി കാത്തിരുന്ന അയ്യപ്പഭക്തരാണ് വിളക്ക് ദര്‍ശനത്തിന് ശേഷം ഉടന്‍ മലയിറങ്ങിയത്.
ഭക്തരുടെ മലയിറക്കത്തെ തുടര്‍ന്നുണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ സന്നിധാനത്ത് പ്രത്യേക യാത്രാ ക്രമീകരണം ഒരുക്കിയിരുന്നു. മകരവിളക്കിന് ശേഷമാണ് വീണ്ടും പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള യാത്ര അനുവദിച്ചത്.