പ്രസാദ് മൂക്കന്നൂര്‍
പത്തനംതിട്ട: മഹിഷി നിഗ്രഹ ചരിത്രം ഉണര്‍ത്തുന്ന എരുമേലിയിലെ പുത്തന്‍വീട് അയ്യപ്പഭക്തര്‍ക്ക് പുണ്യമേകുന്നു. മഹിഷീ നിഗ്രഹത്തിനെത്തിയ അയ്യപ്പന്‍ എരുമേലിയിലെ ഈ വീട്ടിലെത്തി അന്തിയുറങ്ങിയതായും പിറ്റേന്ന് വനത്തിലെത്തി മഹിഷിയെ വധിച്ചെന്നുമാണ് കഥ.
വിഷ്ണുമായയില്‍ ശിവന്റെ പുത്രനായി പിറന്ന് പന്തളത്ത് വളര്‍ന്ന അയ്യപ്പന്‍ പുലിപ്പാല് തേടി വനത്തിലേക്ക് പുറപ്പെട്ടു. പമ്പാതീരം താണ്ടി വനാതിര്‍ത്തിയിലെത്തി. വിളക്ക് കണ്ട വിട്ടിലെത്തി. അവിടെ ഒരു മുത്തശ്ശിമാത്രമാണ് ഉണ്ടായിരുന്നത്. അവിടെ അയ്യപ്പന്‍ അന്ന് അന്തിയുറങ്ങി.
മഹിഷി എന്ന അസുര സ്ത്രീയുടെ അക്രമത്തേക്കുറിച്ച് മുത്തശ്ശി അയ്യപ്പനോട് പറഞ്ഞു. വനത്തിലെത്തിയ അയ്യപ്പനെ മഹിഷി ആക്രമിച്ചു. ഒടുവില്‍ അയ്യപ്പന്‍ മഹിഷീ നിഗ്രഹം നടത്തി. മഹിഷി ശാപമോക്ഷം ലഭിച്ച് മനുഷ്യസ്ത്രീയായി മാറി മാളികപ്പുറത്തമ്മയായി.
അയ്യപ്പന്‍ അന്തിയുറങ്ങിയ മുത്തശ്ശിയുടെ വീട് പിന്നീട് അനന്തരാവകാശികള്‍ സംരക്ഷിച്ചു. പുത്തന്‍ വീട് എന്നാണ് ഈ വീട് അറിയപ്പെടുന്നത്. എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനടുത്താണ് പുത്തന്‍ വീട് . പൗരാണികത നഷ്ട്ടപ്പെടാതെയും ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തിയും പുതിയ തലമുറ പുത്തന്‍വീട് സംരക്ഷിക്കുന്നു.
അയ്യപ്പന്‍ മഹിഷിയെ നിഗ്രഹിക്കാന്‍ ഉപയോഗിച്ചിരുന്നതെന്ന് വിശ്വസിക്കുന്ന ഉടവാള്‍ ഇപ്പോഴും ഈ വീട്ടില്‍ ഭക്തിയോടെ സൂക്ഷിച്ചിട്ടുണ്ട്. അയ്യപ്പന്റെ സ്പര്‍ശനത്താല്‍ പവിത്രമായ പുത്തന്‍ വീടും അയ്യപ്പന്‍ ഉപയോഗിച്ച ഉടവാളും ദര്‍ശിച്ച് വണങ്ങാന്‍ ധാരാളം തീര്‍ത്ഥാടകര്‍ എത്തുന്നുണ്ട്.