എരുമേലി: ശബരി വിമാനത്താവള പദ്ധതിയുടെ റണ്‍വേക്കായി ജനവാസമേഖലയില്‍ 165 ഏക്കര്‍ ഏറ്റെടുക്കും.സര്‍ക്കാര്‍ ആദ്യം 307 ഏക്കർ നോട്ടിഫൈ ചെയ്തിരുന്നെങ്കിലും റണ്‍വേക്കായി എരുമേലി-മണിമല പഞ്ചായത്തുകളിലായി 165 ഏക്കറേ വേണ്ടിവരൂ എന്നാണ് അന്തിമ അതിര്‍ത്തിനിര്‍ണയത്തില്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
നിലവില്‍ പദ്ധതി വിഭാവനംചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിലും റണ്‍വേക്കായി നിശ്ചയിച്ച ജനവാസ മേഖലയിലെ സ്വകാര്യഭൂമികളിലും അതിര്‍ത്തി നിര്‍ണയിച്ച് അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്.
റണ്‍വേ ഉദ്ദേശിക്കുന്നത് എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ചാണ്. റണ്‍വേയുടെ കിഴക്കുദിശ എരുമേലി ടൗണിനുസമീപം ഓരുങ്കല്‍ക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമാണ്. 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് പൂര്‍ണമായി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍പ്രഖ്യാപനം.
അതെസമയം പാരിസ്ഥിതികാനുമതി ഉള്‍പ്പെടെ കേന്ദ്ര അനുമതികള്‍ ഇനിയും ലഭിക്കാനുണ്ട്. ഭൂമിയുടെ അതിര്‍ത്തിനിര്‍ണയം അംഗീകരിച്ചാല്‍ വ്യോമയാനമന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയുടെ അനുമതിയും വേണ്ടതുണ്ട്. ശേഷം മാത്രമെ വിശദപദ്ധതിരേഖ തയ്യാറാക്കല്‍.