ന്യൂഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കനേഡിയല്‍ പൗരന്മാര്‍ക്കുള്ള വിസ സേവനം തല്‍ക്കാലം തുടങ്ങാനാവില്ല. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതുകൊണ്ടാണ് സേവനം നിര്‍ത്തിവച്ചതെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്ഥിതി മെച്ചപ്പെട്ടാല്‍ വിസ സേവനം വീണ്ടും തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
കനേഡിയന്‍ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു. ഇതില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്നും ഇന്ത്യയുടെ നിലപാടിനു പിന്നിലുള്ള കാരണം ജനങ്ങള്‍ക്ക് മനസ്സിലാവുമെന്നും ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യാ-കാനഡ ബന്ധം സങ്കീര്‍ണ്ണമായ ഘട്ടത്തിലൂടെയാണ് പോകുന്നത്. കാനഡയുടെ ചില രാഷ്ട്രീയ നിലപാടിനോടും നയത്തോടുമാണ് പ്രശ്നമെന്നും മന്ത്രി വ്യക്തമാക്കി.
നയതന്ത്രബന്ധത്തിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും മാനിക്കാതെയുള്ള നീക്കമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. ഇന്ത്യയുടെ നടപടികള്‍ ലക്ഷക്കണക്കിന് പേരുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.