ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചയാളെന്ന ലോകറെക്കോര്‍ഡ് ഇനി റഷ്യന്‍ ബഹിരാകാശ സഞ്ചാരി ഒലേഗ് കൊനോനെങ്കോയ്ക്ക് സ്വന്തം. 878 ദിവസമാണ് കൊനോനെങ്കോ ഭ്രമണപഥത്തില്‍ ചിലവഴിച്ചത്. റഷ്യയുടെ തന്നെ ഗെന്നഡി ഇവാനോവിച്ച് പദല്‍ക്കയുടെ 2015-ലെ 878 ദിവസം, 11 മണിക്കൂർ, 29 മിനിറ്റ്, 48 സെക്കൻഡ് എന്ന റെക്കോർഡാണ് ഒലെഗി തകര്‍ത്തത്.ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
ഞായറാഴ്ച രാവിലെ 8.30നാണ് ഒലേഗ് ഈ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്.ജൂണ്‍ അഞ്ചാം തീയതിയോടെ ബഹിരാകാശത്ത് 1,000 ദിവസം തികയ്ക്കുന്ന വ്യക്തിയെന്ന് റെക്കോര്‍ഡും കൊനോനെങ്കോ സ്വന്തമാക്കും. ഇതിന് ശേഷം മാത്രമേ ഭൂമിയിലേക്ക് തിരിച്ചെത്തുകയുള്ളു.നിലവിൽ ഭൂമിയില്‍ നിന്ന് 263 മൈല്‍ (423) കിലോമീറ്റര്‍ അകലെയുള്ള സ്‌പെയ്‌സ് സ്റ്റേഷനിലാണ് അദ്ദേഹം.
"ഞാൻ ബഹിരാകാശത്തേക്ക് പറക്കുന്നത് എന്റെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹത്തിന് വേണ്ടിയാണ്. റെക്കോർഡുകൾ സ്ഥാപിക്കാനല്ല. ഞാൻ കുട്ടിക്കാലം മുതൽ ഒരു ബഹിരാകാശയാത്രികനാകാൻ സ്വപ്നം കാണുകയും ആഗ്രഹിക്കുകയും ചെയ്തു. ആ താൽപ്പര്യം - ബഹിരാകാശത്തേക്ക് പറക്കാനും ഭ്രമണപഥത്തിൽ ജീവിക്കാനും പ്രവർത്തിക്കാനുമുള്ള അവസരം നൽകി,എന്റെ എല്ലാ നേട്ടങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു. എന്നാല്‍, ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് താമസിച്ചതിന്റെ റെക്കോര്‍ഡ് ഇപ്പോഴും ഒരു റഷ്യന്‍ പൗരന്റെ പേരിലാണ് എന്നത് കൂടുതല്‍ അഭിമാനകരമാണ്'', അദ്ദേഹം പറഞ്ഞു.
അതെസമയം ഭാരമില്ലായ്മയായിരുന്നു താന്‍ ബഹിരാകാശത്ത് അനുഭവിച്ച പ്രധാന വെല്ലുവിളികളില്‍ ഒന്നെന്ന് ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനില്‍ നിന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഒലേഗ് പറഞ്ഞു. ഭാരക്കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ദിവസവും പരിശീലനം നടത്തിയതായും അദ്ദേഹം പറഞ്ഞു.ഒപ്പം കുടുംബവുമായി അകന്നുനില്‍ക്കുന്നത് തനിക്ക് വേദന നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2008-ലാണ് ഒലെഗി ആദ്യമായി ബഹിരാകാശ സഞ്ചാരം നടത്തിയത്. നിലവില്‍ ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷന് വേണ്ടിയാണ് ഒലെഗി ബഹിരാകാശ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. റഷ്യ, അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, കാനഡ എന്നിവര്‍ ചേര്‍ന്നാണ് ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്‌റ്റേഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത്.2022 ഫെബ്രുവരിയിൽ മോസ്കോയുടെ ഉക്രെയ്ൻ അധിനിവേശത്തിന് ശേഷം അമേരിക്കയും റഷ്യയും ഇപ്പോഴും സഹകരിക്കുന്ന ചുരുക്കം ചില മേഖലകളിൽ ഒന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.