മോസ്‌കോ: ക്യാന്‍സറിനുള്ള വാക്‌സിന്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. വാക്‌സിന്‍ വികസിപ്പിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് റഷ്യന്‍ ശാസ്ത്രജ്ഞരെന്നും രോഗികള്‍ക്ക് ഉടന്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവി സാങ്കേതികവിദ്യകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന മോസ്‌കോ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു പുടിന്‍. അതേസമയം ഏത് തരം ക്യാന്‍സറിനുള്ള വാക്‌സിനാണ് കണ്ടുപിടിച്ചതെന്നോ അതെങ്ങനെയാണ് ഫലപ്രദമാവുകയെന്നോ പുടിന്‍ വ്യക്തമാക്കിയിട്ടില്ല.
നിരവധി രാജ്യങ്ങളും കമ്പനികളും ക്യാന്‍സര്‍ വാക്‌സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോഎന്‍ടെക്കുമായി യുകെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കരാറില്‍ ഒപ്പുവച്ചു. 2030ഓടെ 10,000 രോഗികളെ ചികിത്സിക്കുകയാണ് ലക്ഷ്യം. മരുന്ന് കമ്പനികളായ മോഡേണയും മെര്‍ക്ക് ആന്‍ഡ് കോയും ക്യാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിലാണ്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉള്‍പ്പെടെ നിരവധി അര്‍ബുദങ്ങള്‍ക്ക് കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസുകള്‍ക്കെതിരെ (എച്ച്പിവി) നിലവില്‍ ആറ് വാക്‌സിനുകള്‍ ഉണ്ട്. കൂടാതെ കരളിലെ ക്യാന്‍സറിലേക്ക് നയിച്ചേക്കാവുന്ന ഹെപ്പറ്റൈറ്റിസ് ബി (എച്ച്ബിവി) ക്കെതിരായ വാക്‌സിനുകളുമുണ്ട്.
കൊവിഡ് മഹാമാരിയുടെ കാലത്ത് റഷ്യ സ്വന്തമായി സ്പുട്‌നിക് വാക്‌സിന്‍ വികസിപ്പിച്ചിരുന്നു. നിരവധി രാജ്യങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്തു. വാക്‌സിന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ പുടിന്‍ ഈ വാക്‌സിന്‍ എടുത്തിരുന്നു.